സിദ്ദിഖിന് രണ്ടാഴ്ച നിർണായകം; ചോദ്യം ചെയ്യലിന് അന്വേഷണ സംഘം നോട്ടിസ് നൽകിയേക്കും
Mail This Article
കൊച്ചി ∙ സിദ്ദിഖിന് ഇനി നിർണായകമായ രണ്ടാഴ്ച. അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി തന്നെ നിർദേശിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന് ഉടൻ നോട്ടിസ് നൽകിയേക്കും. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള വിധിയിൽ വിചാരണക്കോടതിയുടെ വ്യവസ്ഥകൾ പാലിക്കണമെന്നും സുപ്രീം കോടതി നിർദേശമുണ്ട്. അതിനാൽ എന്തൊക്കെ വ്യവസ്ഥകളായിരിക്കും വിചാരണക്കോടതി നിർദേശിക്കുന്നത് എന്നതും സിദ്ദിഖിന് പ്രധാനമാണ്.
രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിനും വാദിഭാഗത്തിനും തങ്ങളുടെ ഭാഗം സമർഥിക്കാനാവശ്യമായ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്നതായിരിക്കും വരും ദിവസങ്ങളിൽ കാണുക. അന്വേഷണ സംഘം നോട്ടിസ് നല്‍കിയാൽ സിദ്ദിഖ് ചോദ്യം ചെയ്യലിനു ഹാജരാവുകയും കേസ് പരിഗണിക്കുമ്പോൾ താൻ സഹകരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുൻകൂർ ജാമ്യം അനുവദിക്കണമെന്നു സിദ്ദിഖ് വീണ്ടും ആവശ്യപ്പെടാനാണു സാധ്യത.
സിദ്ദിഖിനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങൾ അന്വേഷണ സംഘവും കോടതിയെ അറിയിക്കും. സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കുന്നതിനൊപ്പം, ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂർണമായി സഹകരിക്കുന്നില്ലെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തിയേക്കും. പരാതി നൽകാൻ എന്തുകൊണ്ട് എട്ടു വർഷം വൈകി എന്നതടക്കമുള്ള കാര്യങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അതിജീവിതയോടു കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാകും സുപ്രീം കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് ഈ മാസം 24നാണ്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ട് എന്നു വ്യക്തമാക്കിയായിരുന്നു വിധി. ആലുവയിലെ വീട്ടിലുണ്ടായിരുന്ന സിദ്ദിഖ് അന്നു മുതൽ ഒളിവിലാണ്. മുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ, അറസ്റ്റിന് പൊലീസ് ശക്തമായി ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും വിമർശനമുണ്ട്. സിദ്ദിഖ് എവിടെയാണെന്ന് പൊലീസിലെ ചിലർക്കെങ്കിലും അറിയാമായിരുന്നു എന്നും സുപ്രീം കോടതി വിധി വരുന്നതു വരെ അറസ്റ്റ് ഒഴിവാക്കാമെന്ന തീരുമാനം ഉണ്ടായിരുന്നു എന്നും വാദങ്ങളുണ്ട്. എന്തായാലും സുപ്രീം കോടതി വിധി അന്വേഷണ സംഘത്തിന് ഒരേ സമയം തിരിച്ചടിയും ആശ്വാസവുമാണ്. ഹൈക്കോടതി വിധിക്ക് ശേഷം ലഭിച്ച ദിവസങ്ങൾ സിദ്ദിഖ് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.