‘കുടുംബത്തിലെ പലരും കണ്ടിട്ടില്ല’: ഒടുവിൽ തോമസ് ചെറിയാന്റെ ചിത്രവും ലഭിച്ചു!
Mail This Article
ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ചിത്രത്തിനായുള്ള നിരന്തര ശ്രമത്തിലായിരുന്നു കുടുംബം. ആകെയുണ്ടായിരുന്ന ചിത്രം തറവാട് പൊളിച്ചുപണിയുന്നതിനിടെ കാണാതായി. കുടുംബത്തിലെ പുതുതലമുറയിലെ പലർക്കും അദ്ദേഹത്തിന്റെ മുഖം എങ്ങനെയെന്ന് പോലും അറിയില്ല. തോമസ് ചെറിയാന്റെ ഫോട്ടോയ്ക്കായി വ്യാപക അന്വേഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. കരസേനയിൽ ക്രാഫ്റ്റ്സ്മാനായിരുന്ന തോമസ് ചെറിയാന്റ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയതിനു പിന്നാലെ ഇപ്പോൾ അദ്ദേഹത്തിന്റെ ഫോട്ടോയും ലഭിച്ചിരിക്കുകയാണ്.
പത്തനംതിട്ട ഇലന്തൂരില്‍നിന്നു തന്നെയുള്ള മുൻ സൈനികൻ കെ.യു.പ്രദീപ് വഴിയാണ് ചിത്രം കുടുംബത്തിന് ലഭിച്ചത്. തെലങ്കാനയിലെ സെക്കന്ദരാബാദിലെ ഇന്ത്യൻ ആർമിയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് (ഇഎംഇ) വിഭാഗവുമായി ബന്ധപ്പെട്ടാണു പ്രദീപ് ഫോട്ടോ സംഘടിപ്പിച്ചത്.
തോമസ് ചെറിയാന്റെ സൈനിക പ്രവേശന നടപടികള്‍ സെക്കന്ദരാബാദിലായിരുന്നതിനാൽ അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങളും ഫോട്ടോയും ഇവിടെ കാണുമെന്നു പ്രദീപിന് അറിയാമായിരുന്നു. തുടർന്ന് ഫോട്ടോയ്ക്കായി പ്രദീപ് മെയിൽ വഴി അഭ്യർഥിക്കുകയും ഓഫിസിൽനിന്ന് അത് അയച്ചു നൽകുകയും ആയിരുന്നു. ചിത്രം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു തോമസ് ചെറിയാന്റെ മരുമകൻ ഷൈജു കെ.മാത്യുവിന്റെ പ്രതികരണം.
‘‘കുടുംബത്തിലെ പലരും തോമസ് ചെറിയാന്റെ ചിത്രം കണ്ടിട്ടില്ല. തറവാട് പൊളിച്ചു പണിയുമ്പോൾ ഏക ഫോട്ടോ നഷ്ടപ്പെട്ടു. സൈന്യത്തിൽനിന്നും ഫോട്ടോ ലഭിച്ചതിൽ സന്തോഷമുണ്ട്’’– ഷൈജു കെ.മാത്യു പറഞ്ഞു.