ADVERTISEMENT

കൊച്ചി ∙ പി.വി.അൻവറും മുസ്‍ലിം ലീഗും ഭീഷണിപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് മാറ്റാൻ നിർബന്ധിതനായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കരിപ്പൂരിൽ പിടിച്ചെടുത്ത പണത്തിന്റെ കണക്കോ സ്വർണത്തിന്റെ കണക്കോ കള്ളമല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്?. മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാൽ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്നും വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു. 

അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രി പകച്ചു പോയിരിക്കുകയാണ്. നിൽക്കക്കള്ളിയില്ലാതെയാണ് മുഖ്യമന്ത്രി അൻവറിനെതിരെ പ്രതികരിച്ചത്. കഴിഞ്ഞ എട്ടുവർഷവും എല്ലാ കള്ളക്കടത്തുകാരെയും വർഗീയവാദികളെയും മടിയിൽ ഇരുത്തി ഭരിച്ച മുഖ്യമന്ത്രി ഇപ്പോൾ വർഗീയ ശക്തികളെ പറ്റി പറയുന്നത് തികഞ്ഞ കാപട്യമാണ്.  എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ 37 സീറ്റുകളിൽ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതിൽ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എസ്ഡിപിഐയുമായി ചേർന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എൽഡിഎഫ് ഭരിക്കുന്നുണ്ട്.

യുഡിഎഫിനെ ദുർബലപ്പെടുത്താൻ അതിതീവ്രമത ശക്തികളുമായി ചേർന്നതിന്റെ പരിണിതഫലമാണ് ഇപ്പോൾ മുഖ്യമന്ത്രി അനുഭവിക്കുന്നത്. മഅദനിയുടെ ഒപ്പം ചേർന്ന് മത്സരിച്ച ആളാണ് പിണറായി. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ അതിനെ എതിർത്ത രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് അദ്ദേഹം. തീവ്രവാദികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇപ്പോൾ ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് പിണറായി നടത്തുന്ന ചപ്പടാച്ചി വർത്തമാനം ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ല.

അൻവറിനെതിരെ പറഞ്ഞാൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുമെന്നത് വെറും മോഹം മാത്രമാണ്. വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലാണ് പിണറായി വിജയൻ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. വോട്ട് ബാങ്കിന് വേണ്ടിയുള്ള ഇത്തരം വഴിവിട്ട രാഷ്ട്രീയ നിലപാടുകളാണ് ആ പാർട്ടിയെ എല്ലായിടത്തും തകർത്തത്– സുരേന്ദ്രൻ പറഞ്ഞു.

English Summary:

BJP state president K. Surendran said Chief Minister was forced to change his stand when PV Anwar and Muslim League threatened him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com