‘ജൻ സുരാജ്’ രാഷ്ട്രീയ പാർട്ടി വരുന്നു; പ്രശാന്ത് കിഷോർ പാർട്ടി അധ്യക്ഷനായേക്കില്ല
Mail This Article
പട്ന ∙ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ‘ജൻ സുരാജ്’ രാഷ്ട്രീയ പാർട്ടി രൂപീകരണ സമ്മേളനം ബുധനാഴ്ച പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കും. പ്രശാന്ത് കിഷോർ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണു സൂചനകൾ. മാർഗനിർദേശകന്റെ റോളിലാകും അദ്ദേഹം. ജൻ സുരാജ് പാർട്ടിയുടെ ആദ്യ അധ്യക്ഷൻ ദലിത് സമുദായത്തിൽ നിന്നാകാൻ സാധ്യതയുണ്ട്.
പാർട്ടിയുടെ ആദ്യ അധ്യക്ഷനെയും ഭാരവാഹികളെയും നിശ്ചയിക്കുന്നതിനായി ഏഴംഗ ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. ഡോ.ഭൂപേന്ദ്ര യാദവ്, ആർ.എൻ.സിങ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ സുരേഷ് ശർമ, അരവിന്ദ് സിങ്, അഭിഭാഷകൻ ഗണേഷ് റാം, ഡോ.മൻജാർ നസീൻ, സ്വർണലത സഹാനി എന്നിവരാണ് ഉന്നതാധികാര സമിതിയിൽ. ഉൾപ്പാർട്ടി ജനാധിപത്യം ഉറപ്പു വരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നതാകും പാർട്ടി ഭരണഘടന.
പാർട്ടി അധ്യക്ഷ സ്ഥാനത്തെ കാലാവധി ഒരു വർഷമായി നിജപ്പെടുത്തിയേക്കും. സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്തുള്ളവർ മാറിക്കൊണ്ടിരിക്കും. പാർട്ടി അധ്യക്ഷ സ്ഥാനത്തിനു പത്താം ക്ലാസ് മിനിമം യോഗ്യതയായി നിശ്ചയിക്കും.