ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി ‘ദ് ഹിന്ദു’ ദിനപത്രം. പിണറായി വിജയന്റെ അഭിമുഖം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് സമീപിച്ചതെന്ന് പത്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പതിപ്പില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു താഴെ നല്‍കിയിരിക്കുന്ന തിരുത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘‘പിആര്‍ ഏജന്‍സി സമീപിച്ചതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് രാവിലെ 9ന് കേരള ഹൗസില്‍ വച്ചാണ് അഭിമുഖം എടുത്തത്. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അഭിമുഖം 30 മിനിറ്റ് നീണ്ടു. തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്‍പ് പറഞ്ഞ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടു. 

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി രേഖാമൂലമാണ് ആവശ്യപ്പെട്ടത്. ഈ വാചകങ്ങള്‍ മുഖ്യമന്ത്രി അന്നുപറഞ്ഞ വാചകങ്ങളാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയതു വീഴ്ചയാണ്. ഇതു സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റു പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു’’ - പത്രത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.

ഹിന്ദുവിൽ കഴിഞ്ഞ ദിവസം വന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു' വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’’- എന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ മുഖ്യമന്ത്രി അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും തിരുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ദിനപത്രത്തിന്റെ എഡിറ്റര്‍ക്കു കത്തയച്ചു.

English Summary:

Malappuram Remarks in Pinarayi Vijayan Interview Spark Outrage, 'The Hindu' Issues Correction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com