കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് 2 വർഷം; വെങ്കല പ്രതിമ മുഖ്യമന്ത്രി അനാഛാദനം ചെയ്തു
Mail This Article
കണ്ണൂര്‍∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് ഇന്ന് 2 വയസ്സ്. 1953 നവംബര്‍ 16നു ജനിച്ച കോടിയേരി 68-ാം വയസ്സില്‍, 2022 ഒക്ടോബര്‍ ഒന്നിനാണ് അന്തരിച്ചത്.
പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നു രാവിലെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എന്നിവര്‍ നേതൃത്വം നല്കി. കോടിയേരിയുടെ മുളിയില്‍നടയിലെ വീട്ടില്‍ അദ്ദേഹത്തിന്റെ വെങ്കലപ്രതിമ മുഖ്യമന്ത്രി പിണറായി വിജയന് അനാഛാദനം ചെയ്തു. വൈകിട്ട് മുളിയില്‍നടയില്‍ വൊളന്റിയര്‍ മാര്‍ച്ചും 4.30നു പൊതുസമ്മേളനവുമുണ്ട്.
പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ഒരുപോലെ മികവു പ്രകടിപ്പിച്ച കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2006-11ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. 18 വയസ്സാകും മുന്‍പേ പാര്‍ട്ടി ബ്രാഞ്ച് അംഗമായ കോടിയേരി 20-ാം വയസ്സില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി.
അടിയന്തരാവസ്ഥയില്‍ ഒന്നരവര്‍ഷം ജയില്‍വാസം അനുഭവിച്ചു. 36-ാം വയസ്സില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2002ല്‍ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം 2008ല്‍ പൊളിറ്റ്ബ്യൂറോയിലെത്തി. പിണറായി വിജയന്റെ പിന്‍ഗാമിയായി 2015ല്‍ ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയായത്.