വിവാദഭൂമി തിരിച്ചെടുക്കണമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ; കത്ത് കൈമാറിയത് മകൻ യതീന്ദ്ര
Mail This Article
ബെംഗളൂരു∙ മുഡ ഭൂമി ഇടപാട് കേസിൽ വിവാദമായ ഭൂമി തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ അയച്ച കത്ത് കിട്ടിയെന്ന് മൈസൂരു നഗരവികസന സമിതി കൺവീനർ എ.എൻ. രഘുനന്ദൻ. 14 പ്ലോട്ടുകൾ തിരികെ നൽകാമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സിദ്ധരാമയ്യയുടെ ഭാര്യ എഴുതിയ കത്ത് കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ഓഫിസിലെത്തി കത്ത് നൽകി. അടുത്ത നടപടിക്കായി നിയമോപദേശം സ്വീകരിക്കുമെന്നും രഘുനന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത ബ്രാഞ്ചിലെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥർ കത്തയച്ചതായും രഘുനന്ദൻ സ്ഥിരീകരിച്ചു. ഇ.ഡി ഇതുവരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സിദ്ധരാമയ്യക്കെതിരെ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
മുഡ അഴിമതി അന്വേഷിക്കാന്‍ ലോകായുക്തയും ഇ.ഡിയും റജിസ്റ്റർ ചെയ്ത കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രംഗത്തെത്തിയത്. മുഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയില്‍ അനുവദിച്ച 14 പ്ലോട്ടുകള്‍ തിരിച്ചെടുക്കണമെന്നാണ് ബി.എം. പാര്‍വതിയുടെ ആവശ്യം. ഇരു കേസുകളിലും രണ്ടാം പ്രതിയാണ് പാര്‍വതി.
മൈസൂരുവിലെ കേസരെ വില്ലേജില്‍ പാര്‍വതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കര്‍ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.