ADVERTISEMENT

ടെഹ്‌റാൻ∙ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തത് 180 മിസൈലുകളെന്നു റിപ്പോർട്ട്. അതിൽ ഭൂരിഭാഗവും ലക്ഷ്യം കാണും മുൻപുതന്നെ ഇസ്രയേൽ സൈന്യവും ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎസും തകർത്തു. പക്ഷേ പോർവിളി നിർത്താൻ ഇറാൻ തയാറായിരുന്നില്ല.

ടെഹ്‌റാന്റെ വിജയം അടുത്തെത്തിയെന്ന് പ്രസ്താവിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വലിയൊരു ആയുധശേഖരത്തിന്റ ചിത്രം സമൂഹമാധ്യമങ്ങളിൽ ചൊവ്വാഴ്ച പങ്കുവച്ചു. കരുതിയിരുന്നോളൂ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പക വീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയെങ്കിലും ഇറാന്റെ പരാക്രമം കണ്ട് യുഎസും ആശങ്കപ്പെട്ടു. മധ്യപൂർവദേശത്ത് യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെന്ന ഭീതിയിലായി ലോകം.

ഈ വർഷം ഏപ്രിലിൽ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റെ ഇരട്ടി സജ്ജീകരണങ്ങളുമായാണ് ഇറാൻ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് പെന്റഗൺ ചൂണ്ടിക്കാട്ടി. ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച ആക്രമണത്തിനായി ഇറാൻ തിരഞ്ഞെടുത്തത്.  ഫത്താ2, ഷാഹബ് 3 ഹാജ് ഖാസെം എന്നീ മിസൈലുകളാണ് ദൗത്യത്തിനായി ഇറാൻ പ്രയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇസ്രയേലിനെതിരെ ആദ്യമായാണ് ഫത്താ 2 ഹൈപ്പർ സോണിക് മിസൈലുകൾ ഇറാൻ ഉപയോഗിക്കുന്നതെന്ന് മെഹ്ർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൈപ്പർസോണിക് ക്രൂസ് ഗ്ലൈഡ് വെഹിക്കിൾ വിഭാഗത്തിൽ പെട്ടതാണ് ഫത്താ 2 മിസൈലുകൾ. പേരു സൂചിപ്പിക്കുന്നത് പോലെ ഫത്താ1ന്റെ പിന്തുടർച്ചക്കാരൻ. ഏതു പാതയിലൂടെയും സഞ്ചരിച്ച് ലക്ഷ്യം കാണാൻ സാധിക്കുമെന്നതാണു പ്രത്യേകത. കഴിഞ്ഞ വർഷം നവംബറിലാണ് ഇത് അവതരിപ്പിച്ചത്.

മണിക്കൂറിൽ 16,000 കിലോമീറ്റർ വേഗത്തിൽ സ‍ഞ്ചരിക്കാൻ സാധിക്കുന്ന ഫത്താ2ന്റെ ദൂരപരിധി 1400 കിലോമീറ്ററാണ്. ഏത് ദിശയിലും അനായാസം സഞ്ചരിക്കാൻ മിസൈലിന്റെ ചലിക്കുന്ന നോസിലുകൾ സഹായിക്കും. ഉയർന്ന താപനിലയെ പ്രതിരോധിക്കാനുള്ള ശേഷിയും അത്യാധുനിക റോക്കറ്റ് എൻജിനുകളുമുണ്ട്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആന്റി-ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളെപ്പോലും ഫത്താ-2 മിസൈലിന് തടയാൻ കഴിയുമെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.

ദൃശ്യങ്ങൾ നിരീക്ഷിച്ച ആയുധ വിദഗ്ധരുടെ അഭിപ്രായത്തിൽ ഫത്താ2 മാത്രമല്ല ഷാഹബ് 3 മിസൈലുകളും ഇറാൻ ഉപയോഗിച്ചിട്ടുണ്ട്. ഷാഹബിന്റെ ഇമാദ്, ഖദെർ വേരിയന്റുകളാണ് ഉപയോഗിച്ചത്. 2003ലാണ് ഷാഹബ് മിസൈലുകൾ ആക്രമണത്തിനായി ഉപയോഗിച്ച് തുടങ്ങുന്നത്. ഇറാന്റെ മീഡിയം റേഞ്ചിലുള്ള ബാലിസ്റ്റിക് മിസൈലാണിത്. മൊബൈൽ ലോഞ്ചറുകളിൽനിന്ന് തൊടുക്കാൻ കഴിയും. ആണവ പോർമുനകളുളള മിസൈലാണിത്. സ്കഡ് മിസൈലിനോട് സാമ്യമുള്ള എൻജിനുകളാണ്.

ആക്രമണത്തിനായി ഇറാൻ ഉപയോഗിച്ചിരിക്കുന്ന മറ്റൊരു മിസൈൽ മധ്യശ്രേണിയിലുള്ള ബാലിസ്റ്റിക് മിസൈലായ ഹാജ് ഖാസം ആണ്. 1400 കിലോമീറ്ററാണ് ദൂരപരിധി. 2020ൽ പുറത്തിറക്കിയ ഈ മിസൈലിന് ഇറാനിയൻ കമാൻഡറായ ഖാസെം സുലൈമാനിയുടെ സ്മരണയ്ക്കായാണ് ആ പേര്. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുണ്ട്. സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് സെന്റർ 2021 ൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ടെഹ്‌റാനിൽ വ്യത്യസ്ത ദൂരപരിധികളുള്ള നൂറുകണക്കിന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഉണ്ട്.

ഇറാന് 3,000 ത്തിലധികം ബാലിസ്റ്റിക് മിസൈലുകളുള്ളതായാണ് യുഎസ് വ്യോമസേന ജനറൽ കെന്നത്ത് മക്കൻസിയുടെ അഭിപ്രായം. ഉത്തരകൊറിയ, റഷ്യ എന്നിവരുടെ മാതൃക പിന്തുർന്നാണ് ഇറാനും മിസൈൽ രൂപപ്പെടുത്തുന്നത്. ഇതിനായി ചൈനയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ആയുധ നിയന്ത്രണ അസോസിയേഷൻ(ആംസ് കൺട്രോൾ അസോസിയേഷൻ) പറയുന്നു.

English Summary:

Iran israil conflict updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com