മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആർ പ്രതിനിധി! സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവ്, മുൻ എംഎൽഎയുടെ മകൻ
Mail This Article
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിലെ ‘പിആർ പ്രതിനിധി’ ടി.ഡി.സുബ്രഹ്മണ്യൻ മുൻ എസ്എഫ്ഐ നേതാവും സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകനും. ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘാംഗമായിരുന്ന സുബ്രഹ്മണ്യൻ വിവിധ ദേശീയ പാർട്ടികൾക്കു വേണ്ടി പ്രവർത്തിച്ചു. കേരളത്തിൽ എൽഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ ‘രാഷ്ട്രീയപരമായി റീബ്രാൻഡ്’ ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിച്ചതും സുബ്രഹ്മണ്യനാണ്. തുടർന്ന് പ്രശാന്ത് കിഷോറിന്റെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുപ്പു നയതന്ത്ര സ്ഥാപനമായ ഐ പാക്കിന്റെ സ്ട്രാറ്റജി റിസർച് ടീം മേധാവിയായി പ്രവര്‍ത്തിച്ചു.
ഇക്കാലയളവിൽ വിവിധ പാർട്ടികള്‍ക്കായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന സംഘത്തിലും സുബ്രഹ്മണ്യൻ അംഗമായിരുന്നു. 2019 ൽ ഡല്‍ഹിയിൽ അരവിന്ദ് കേജ്‌രിവാളിനൊപ്പം പ്രവർത്തിച്ചു. കൂടാതെ ബംഗാളിൽ മമതാ ബാനർജിക്കായും തെലങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ സംഘം, തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വേണ്ടിയും ഗോവ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനു വേണ്ടിയും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കു വേണ്ടിയും പ്രവർത്തിച്ചിരുന്നു. പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിച്ചപ്പോൾ പ്രാരംഭ പ്രവർത്തനങ്ങളിലും സുബ്രഹ്മണ്യൻ പങ്കാളിയായി.
കൈസൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിനീത് ഹണ്ടയും സുബ്രഹ്മണ്യനും സുഹൃത്തുക്കളാണ്. കൈസൻ വൈസ് പ്രസിഡന്റ് നിഖിൽ പവിത്രൻ മാഹി സ്വദേശിയാണ്. പ്രശാന്ത് കിഷോർ കോൺഗ്രസിനു വേണ്ടി പുനരുജ്ജീവന പാക്കേജ് തയാറാക്കിയ വേളയിൽ സുബ്രഹ്മണ്യനും ഐപാക് സംഘാംഗമായിരുന്നു. പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിച്ചതോടെ ഐപാക് വിട്ട സുബ്രഹ്മണ്യൻ റിലയൻസ് കമ്യൂണിക്കേഷൻസ് വിഭാഗത്തിലേക്ക് മാറിയിരുന്നു.
അതേസമയം, ഐപാക്കിൽ പ്രവർത്തിക്കുന്ന വേളയിലെ രാഷ്ട്രീയ ബന്ധങ്ങൾ നിലനിർത്തിയ സുബ്രഹ്മണ്യൻ പല രാഷ്ട്രീയ പാർട്ടികളുമായും ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മുൻ ഹരിപ്പാട് എംഎൽഎയായ ടി.കെ.ദേവകുമാറിന്റെ മകൻ എന്ന നിലയിൽ സിപിഎം നേതാക്കളുമായി സുബ്രഹ്മണ്യന് അടുപ്പമുണ്ട്. ഈ അടുപ്പം വച്ചാണ് പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ അഭിമുഖം ലഭിച്ചതെന്നാണ് അറിവ്. സെക്കന്ദരാബാദ് ‘ഇഫ്ളുവിൽ’ ( ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി) എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീടാണ് ദേശീയ രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിലേക്കു ചുവടുമാറ്റിയത്.