വയനാട് ഉരുൾപൊട്ടൽ: വീട് നഷ്ടമായവർക്ക് പുനരധിവാസം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
Mail This Article
കൽപറ്റ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് പുനരധിവാസം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കണ്ടെത്തിയ രണ്ടു സ്ഥലങ്ങൾ ഏറ്റെടുക്കുന്നതോടെ ഉടൻ തന്നെ നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ സാധിക്കും. എത്രയും പെട്ടന്ന് സ്വന്തം വീടുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ദുരന്തബാധിതർക്ക് വലിയ പ്രതീക്ഷയാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നിലവിൽ പല സ്ഥലങ്ങളിലായി വാടക വീടുകളിലാണ് ആളുകൾ താമസിക്കുന്നത്. കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന് കൽപറ്റയും മറ്റൊന്ന് മേപ്പാടിയുമാണ്. ദുരിതത്തിലായവരിൽ ചിലർ മേപ്പാടി പരിസരത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. ജോലി, സ്കൂൾ, ബന്ധുക്കൾ തുടങ്ങിയവ മേപ്പാടിയിൽ ഉള്ളവർക്ക് മേപ്പാടിയോട് ചേർന്നുള്ള നെടുമ്പാലയിൽ താമസിക്കാനാണ് ആഗ്രഹം.
എന്നാൽ ദുരന്തം സംഭവിച്ച സ്ഥലത്തോട് ചേർന്ന് താമസിക്കാൻ ആഗ്രഹമില്ലാത്തവരാണ് ബാക്കിയുള്ളവർ. ഇവർക്ക് കൽപറ്റയിൽ കണ്ടെത്തിയ സ്ഥലത്തായിരിക്കും വീടൊരുക്കുക. കൽപറ്റ ബൈപ്പാസിനോട് ചേർന്നുള്ള 175 ഏക്കറുള്ള എൽസ്റ്റൺ എസ്റ്റേറ്റാണ് കണ്ടെത്തിയതിൽ ഒരു സ്ഥലം. നിലവിൽ എസ്റ്റേറ്റ് അടഞ്ഞുകിടക്കുകയാണ്.
ഈ ഭൂമി നേരത്തെ വയനാട് മെഡിക്കൽ കോളജ്, എയർ സ്ട്രിപ് എന്നീ പദ്ധതികൾക്കായി പരിഗണിച്ചിരുന്നു. എന്നാൽ ഭൂമിയുടെ വില സംബന്ധിച്ച് തോട്ടം ഉടമുകളുമായി ധാരണയിലെത്താത്തിനാൽ മെഡിക്കൽ കോളജ് പദ്ധതി നടപ്പായില്ല.
ഈ സ്ഥലത്ത് എയർ സ്ട്രിപ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2023ൽ കിഫ്ബി സംഘവും അതേ വർഷം ജൂലൈയിൽ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ നേത്വത്തിലുള്ള സംഘവും പരിശോധന നടത്തി. എന്നാൽ തുടർനപടി ഉണ്ടായില്ല. ജില്ലയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതവും നഗരത്തോട് ചേർന്നു കിടക്കുന്നതുമായ സ്ഥലമായതിനാൽ പുനരധിവാസം വേഗത്തിർ പൂർത്തിയാക്കാം.