ADVERTISEMENT

കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. തൃശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്മേൽ സർക്കാർ ഇന്നു തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

തൃശൂർ പൂരം കലക്കിയതിൽ, കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടും കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ചും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ എന്നിവയ്ക്കുള്ള പങ്കും ക്രമസമാധാനപാലനത്തിന് സർക്കാർ സംവിധാനങ്ങളുള്ളതും കോടതി വാദത്തിനിടെ പരാമർശിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

എഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള നടപടികൾ വിശദീകരിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ പറഞ്ഞത്. തുടർന്നാണ് ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 3 ആഴ്ച സമയം കൂടി നൽകാമെന്നും ഇത് അവസാന അവസരമാണെന്നും കോടതി വ്യക്തമാക്കിയത്. മറുപടി സമർപ്പിക്കാൻ തിരുവമ്പാടി ദേവസ്വത്തിനും 3 ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

English Summary:

Kerala HC Grants Final Extension for Thrissur Pooram Inquiry Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com