ADVERTISEMENT

തിരുവനന്തപുരം∙ തൃശൂര്‍ പൂരം കലങ്ങി ആറു മാസം കഴിയാറായിട്ടും ആരാണ്, എന്തിനാണ് പൂരം കലക്കിയതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. പൂരം കലങ്ങിയതില്‍ അന്വേഷണപ്പൂരവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആദ്യം എഡിജിപിയെ എഴുന്നള്ളിച്ച് അന്വേഷണത്തിന്റെ ചെറുപൂരം നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു കൊമ്പന്മാരെയാണ് അന്വേഷണത്തിന്റെ കുടമാറ്റവുമായി പൂരപ്പറമ്പില്‍ ഇറക്കിയിരിക്കുന്നത്. ഇനി ഈ മൂന്നു കൊമ്പന്മാരും അന്വേഷണപ്പൂരം കഴിഞ്ഞു പിരിയുമ്പോഴെങ്കിലും യഥാര്‍ഥ്യത്തിന്റെ നിലയമിട്ടുകള്‍ തൃശൂരിന്റെ ആകാശത്ത് ഉയര്‍ന്നു പൊങ്ങുമോ എന്നു കാത്തിരുന്നു കാണാം. അടുത്ത പൂരക്കാലത്ത് ഇലഞ്ഞിത്തറമേളത്തിനു കോലുവീഴും മുൻപെങ്കിലും സത്യമറിയാമെന്ന പ്രതീക്ഷയിലാണ് നെഞ്ചുകലങ്ങിയ പൂരപ്രേമികള്‍. 

തൃശൂര്‍ പൂരം കലങ്ങിയതു സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിനെയാണ് അനേഷിക്കാന്‍ നിയോഗിച്ചത്. ആദ്യഘട്ടത്തില്‍ തലയൂരാന്‍ എല്ലാ പഴിയും കമ്മിഷണര്‍ അങ്കിത് അശോകിന്റെ തലയില്‍ വച്ച് അദ്ദേഹത്തെ സ്ഥലം മാറ്റി. തുടര്‍ന്ന് അഞ്ചു മാസത്തോളം അന്വേഷണം നീണ്ടു. ഒടുവില്‍ ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല എന്ന തരത്തില്‍ വിവരാവകാശ മറുപടി പുറത്തുവന്നതു വിവാദമായതോടെ പെട്ടെന്നു തന്നെ എഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഡിജപിക്ക് കൈമാറുകയായിരുന്നു. കമ്മിഷണര്‍ക്കൊപ്പം ദേവസ്വങ്ങളെയും പ്രതിക്കൂട്ടിലാക്കിയാണ് എഡിജപി റിപ്പോര്‍ട്ട് നല്‍കിയത്. നിയമപരമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ദേവസ്വങ്ങള്‍ മനപൂര്‍വം പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി, എഡിജിപിയുടെ വീഴ്ചകള്‍ കൂടി പരിശോധിക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരസെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. ഡിജിപിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചതോടെയാണു തുടര്‍അന്വേഷണ പരമ്പരയ്ക്കു കളമൊരുങ്ങിയിരിക്കുന്നത്. 

അതേസമയം, എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമഗ്രമല്ലെന്നു മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തില്‍ സമ്മതിച്ചുവെങ്കിലും റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിയിട്ടില്ല. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അങ്ങനെ സംശയിക്കാന്‍ ഉള്ള അനേകം കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. 

അജിത്കുമാർ
എ‍ഡിജിപി എം.ആർ.അജിത്കുമാർ

തിരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂരം നടത്തിപ്പുകാരിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. അതുള്‍പ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു ഭാവിയില്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കല്‍ അനിവാര്യമായ കാര്യമാണെന്നു വ്യക്തമാക്കിയാണ് തുടര്‍ അന്വേഷണത്തിനുള്ള നീക്കം.

എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി. 

അതിനൊപ്പം സിപിഐയെ തണുപ്പിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതേക്കുറിച്ച് പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തി. വീഴ്ചയുണ്ടായെന്ന് ഡിജിപി ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് എഡിജിപിയെ മാറ്റിനിര്‍ത്തേണ്ടതല്ലേ എന്ന ചോദ്യത്തിന് അന്വേഷിക്കാതെയാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതെന്നും ആ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമുള്ള വിചിത്രമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത്ര വിവാദമായ വിഷയത്തില്‍ എഡിജിപിക്കെതിരെ ഡിജിപി കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കുമോ എന്ന ചോദ്യം ബാക്കിയാകുന്നു. 

പൂരത്തിന് മൂന്നു ദിവസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അജിത്കുമാര്‍ നിര്‍ദേശിച്ച മാറ്റങ്ങളാണു പ്രശ്‌നം വഷളാക്കിയതെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. കൂടുതല്‍ ബാരിക്കേഡുകളടക്കം നിരത്തിയത് സ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ക്കു വഴിവച്ചു. ‘മുകളില്‍നിന്നുള്ള ഉത്തരവ്’ എന്ന പേരിലാണ് പൊലീസ് ഇവ നടപ്പാക്കിയത്. ഇതെച്ചൊല്ലി പൂരപ്രേമികളും പൊലീസും കൊമ്പുകോര്‍ത്തതു സ്ഥിതി വഷളാക്കി. പൂരദിവസം തൃശൂരിലുണ്ടായിരുന്ന എഡിജിപി പ്രശ്‌നം രൂക്ഷമായതോടെ രണ്ടു തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. പുലര്‍ച്ചെ മൂന്നരയോടെ മടങ്ങിയ അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും ആക്ഷേപമുണ്ട്.

വിവാദങ്ങളുടെ പൊടിപൂരം

തൃശൂര്‍ പൂരം നടന്ന 2024 ഏപ്രില്‍ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണു വന്‍ വിവാദത്തിലായത്. 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിനു തിരക്കു നിയന്ത്രിക്കാനെന്ന പേരില്‍ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവ കെട്ടിയടച്ചു പൂരനഗരിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതോടെ രാത്രിപ്പൂരം കാണാനെത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും റൗണ്ടിലേക്കു കടക്കാനായില്ല. സാധാരണ പുലര്‍ച്ചെ മൂന്നിനുള്ള വെടിക്കെട്ടിനു രണ്ടു മണിയോടെ മാത്രമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി നിര്‍ത്തിയിരുന്നത്.



പൂരംനാളിൽ ബ്രഹ്മസ്വം മഠത്തിനുമുൻപിൽ മഠത്തിൽവരവു പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപായി പൊലീസ് ആളുകളെ തള്ളിമാറ്റുന്നു. 
ചിത്രം:മനോരമ
പൂരംനാളിൽ ബ്രഹ്മസ്വം മഠത്തിനുമുൻപിൽ മഠത്തിൽവരവു പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപായി പൊലീസ് ആളുകളെ തള്ളിമാറ്റുന്നു. ചിത്രം:മനോരമ

തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം ഇതില്‍ പൊലീസിനെ ചോദ്യം ചെയ്തു. ആള്‍ക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്നു പരാതിയുയര്‍ന്നു. പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഒമ്പതാനകളെ ഉള്‍ക്കൊള്ളിച്ചു നടക്കേണ്ടിയിരുന്ന എഴുന്നള്ളിപ്പില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ചും പന്തലുകളിലെ വിളക്കുകളണച്ചും പഞ്ചവാദ്യം പുലര്‍ച്ചെ ഒന്നരയോടെ അവസാനിപ്പിച്ചുമായിരുന്നു പ്രതിഷേധം. 

പുലര്‍ച്ചെ മൂന്നിന് നടക്കേണ്ടിയിരുന്ന വെടിക്കെട്ടിലും അനിശ്ചിതത്വമുണ്ടായി. അന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ നേതൃത്വത്തില്‍ വെടിക്കെട്ടു മൈതാനത്തുനിന്നു പൂരം കമ്മിറ്റിയംഗങ്ങളെയുള്‍പ്പെടെ നീക്കാന്‍ ശ്രമിച്ചതോടെയാണു തര്‍ക്കമുണ്ടായത്. ജനങ്ങള്‍ പൂരപ്പറമ്പില്‍ ‘പൊലീസ് ഗോ ബാക്ക്’ മുദ്രാവാക്യം മുഴക്കുകയും കൂക്കിവിളിക്കുകയും ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനരോഷം ശക്തമായതോടെ മന്ത്രി കെ.രാജന്‍, അന്നത്തെ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ, തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍ കുമാര്‍, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് 4 മണിക്കൂര്‍ വൈകി രാവിലെ 7.15നാണ് വെടിക്കെട്ടു തുടങ്ങിയത്. പൂരപ്രേമികളോട് കയര്‍ക്കാനും പിടിച്ചുതള്ളാനും കമ്മിഷണര്‍ അങ്കിത് അശോകനാണ് മുന്നില്‍നിന്നത്. ഇതിന്റെ വിഡിയോ അടക്കം പുറത്തുവന്നിരുന്നു.

English Summary:

Thrissur Pooram Controversy: Will the Truth Finally Be Unveiled?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com