പരാതി നൽകാൻ നിർബന്ധിക്കാനാവില്ലല്ലോ, തീരുമാനിക്കേണ്ടത് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ: ഹൈക്കോടതി
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരാണ് കേസുമായി മുന്നോട്ടു പോകേണ്ട കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും താൽപര്യമില്ല എന്നു പറഞ്ഞാൽ നിർബന്ധിക്കാൻ കഴിയില്ലല്ലോ എന്നും ഹൈക്കോടതി. മൊഴികളിൽ ഉറച്ചു നിൽക്കുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല എന്നാണ് മൊഴി നൽകിയവർ അറിയച്ചതെന്ന് പ്രത്യേകാന്വേഷണ സംഘം അറിയിച്ചപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
തങ്ങൾക്കുണ്ടായ അനുഭവം ഭാവിയിൽ മറ്റാർക്കും ഉണ്ടാകരുതെന്നതാണ് മൊഴി നൽകിയവരുടെ ലക്ഷ്യം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അന്വേഷണം മുന്നോട്ടുപോകാനാവുമോയെന്നാണ് കോടതി ആരാഞ്ഞത്. ഹൈക്കോടതിയിൽ ഹാജരായ എസ്ഐടി സംഘത്തിലെ എസ്.അജിത ബീഗം, ജി.പൂങ്കുഴലി എന്നിവരിൽനിന്ന് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരടങ്ങിയ പ്രത്യേക ബെെഞ്ച് വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
അതേസമയം, കുറ്റകൃത്യം സംബന്ധിച്ചു വിവരം ലഭിച്ചാൽ കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും എസ്ഐടിയുടെ നിലപാടിൽ തെറ്റുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പായിച്ചിറ നവാസ്, സജിമോൻ പറയിൽ തുടങ്ങിയവരുൾപ്പെടെ നൽകിയ ഹർജികളാണ് കോടതി മുമ്പാകെയുള്ളത്. കേസ് വീണ്ടും ഈ മാസം 14 ന് പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എഡിറ്റ് ചെയ്ത ഭാഗങ്ങൾ പുറത്തു വന്നതിനു പിന്നാലെ മുഴുവൻ റിപ്പോർട്ടും പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിലുണ്ടായ അന്വേഷണ പുരോഗതി അന്വേഷണ സംഘം കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സിനിമ നയം രൂപീകരിക്കുന്നതും കോൺക്ലേവ് നടത്തുനതും ഉൾപ്പെടെ സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയിൽ വിശദീകരിച്ചു. സ്ത്രീകൾക്ക് തൊഴിലടത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾക്കാണ് പരിഗണന നല്‍കേണ്ടതെന്നും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
സംഗീതം, സിനിമ, ടെലിവിഷൻ, നാടകം, സർക്കസ്, ഫാഷൻ എന്നിങ്ങനെ വിനോദ മേഖലക്കായി പുതിയ നിയമനിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിന് നിയമനിർമാണത്തന്റെ് ആവശ്യകത ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകി. വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസര സമത്വം ഉറപ്പു വരുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തികൊണ്ടാവും പുതിയ നിയമമെന്നും വനിതാ കമ്മിഷൻ കോടതിയെ അറിയിച്ചു.
ലിംഗ നീതി ഉറപ്പാക്കുന്നതും ലൈംഗിക അതിക്രമങ്ങൾ ഒഴിവാക്കുന്നതുമാണ് പുതിയ നിയമനിർമാണത്തിന്റെ പ്രധാന ലക്ഷ്യമെന്നും കമ്മീഷൻ പറഞ്ഞു. അതിനിടെ, ഹേമ കമ്മിറ്റിക്കു മുൻപാകെ അതിജീവിത നൽകിയ മൊഴി സ്വകാര്യ ചാനൽ പുറത്തുവിട്ടെന്ന ആരോപണം വനിത കമ്മിഷന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുന്നിലോ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലോ അതിജീവിതർ നൽകിയ മൊഴിയാണെന്ന് പ്രേക്ഷകർക്ക് തോന്നുന്ന വിധത്തിലുള്ള കാര്യങ്ങൾ സംപ്രേഷണം ചെയ്താൽ അത് ഗൗരവത്തോടെ കാണുമെന്ന് മാധ്യമ പ്രവർത്തകർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ഇത് നീതി നിർവഹണത്തിലുള്ള അനാവശ്യമായ ഇടപെടലായാകും കാണുക. അന്വേഷണത്തിന്റെ പുരോഗതി, ആർക്കെതിരെയാണ് അന്വേഷണം തുടങ്ങിയ വിവരങ്ങൾ ആരാഞ്ഞ് മാധ്യമപ്രവർത്തകർ നിരന്തരം സമീപിക്കുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകണമെന്നും അത് തങ്ങളെ അറിയിക്കണമെന്നും അന്വേഷണ സംഘത്തിന് കോടതതി നിർദേശം നൽകി.