ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം; ശോഭ വീണ്ടും ബിജെപി കോർ കമ്മിറ്റിയിലേക്ക്, ഒപ്പം കെ.എസ്.രാധാകൃഷ്ണനും
Mail This Article
കൊച്ചി ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ എന്നിവരെ പാർട്ടിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് സൂചന. അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാൻ ബിജെപി സംഘടനാ നേതൃത്വം തയാറായിട്ടില്ല. 2020ൽ കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രൻ നാലു വർഷത്തിനു ശേഷമാണ് വീണ്ടും പാർട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് തിരികെ എത്തുന്നത്.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതും വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശവും ശോഭയുടെ കാര്യത്തിൽ പരിഗണിക്കപ്പെട്ടെന്നു കരുതുന്നു. ഇത്തവണ എറണാകുളം മണ്ഡലത്തിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണൻ. നിലവിൽ കോർ കമ്മിറ്റി അംഗമായ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ കമ്മിറ്റിയിൽ തുടരും.
സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരാണ് ബിജെപിയുടെ കോർ കമ്മിറ്റിയിലെ പതിവ് അംഗങ്ങൾ. ഇവർക്കു പുറമെയാണു മൂന്നു വൈസ് പ്രസിഡന്റുമാർ കൂടി കോർ കമ്മിറ്റി അംഗങ്ങളാകുന്നത്. സംസ്ഥാനത്തെ ചുമതലയുള്ള പ്രഭാരിയും സഹ പ്രഭാരിയും കൂടി കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
വ്യാഴാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി–ആർഎസ്എസ് നേതൃയോഗത്തിലാണ് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. എന്നാൽ ഇതിനു മുമ്പു തന്നെ ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ധാരണയിലെത്തിയിരുന്നെന്നും അറിയുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ബിജെപിയെ തയാറാക്കന്നതു സംബന്ധിച്ച കാര്യങ്ങൾക്കും യോഗത്തിൽ അന്തിമരൂപമായിട്ടുണ്ട്. പാർട്ടി പുനഃസംഘടന സംബന്ധിച്ചും ചർച്ചകൾ നടന്നതായി അറിയുന്നു.