കൊണ്ട സുരേഖ മാപ്പ് പറയണം: വക്കീൽ നോട്ടിസ് അയച്ച് കെടിആർ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് അമല അക്കിനേനി
Mail This Article
ഹൈദരാബാദ്∙ തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു.
സുരേഖയ്ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമ നടപടികളിലേക്കു കടക്കുമെന്നും കെടിആർ അറിയിച്ചു.
∙ സുരേഖ പറഞ്ഞതിലെ പ്രസക്തഭാഗം ഇങ്ങനെ:
‘‘ലഹരിമരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇൻഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആർ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുമായിരുന്നു. ഇതിലേക്ക് സമാന്തയെ അയയ്ക്കാൻ നാഗാർജുനയോടു പറഞ്ഞു. ഇല്ലെങ്കിൽ നാഗാർജുനയുടെ എൻ കൺവൻഷൻ സെന്റർ പൊളിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. നാഗാർജുന നാഗചൈതന്യയോട് സമാന്തയെ കെടിആറിന്റെ വീട്ടിലേക്കു വിടാൻ പറഞ്ഞു. ഇതിനു സമാന്ത വിസമ്മതിച്ചു. ഇതാണു വിവാഹമോചനത്തിലെത്താൻ കാരണം’’
∙ പ്രതികരിച്ച് സമാന്തയും നാഗചൈതന്യയും കുടുംബവും
രാഷ്ട്രീയലാഭങ്ങൾക്കുവേണ്ടു തന്നെ കരുവാക്കരുതെന്നു കൊണ്ട സുരേഖയോടു സമാന്ത പറഞ്ഞു. ‘‘വേർപിരിയൽ തീർത്തും വ്യക്തിപരമാണ്. അതിൽ അനാവശ്യ വായനകൾ നടത്തരുത്. പരസ്പര സമ്മതത്തോടെ വ്യക്തിപരമായ കാരണങ്ങളാലാണു വേർപിരിഞ്ഞത്. അതിൽ രാഷ്ട്രീയമില്ല. സ്ത്രീകളെ വസ്തുക്കൾ മാത്രമായി കാണുന്ന സിനിമയിൽ പോരാടി ജീവിക്കുകയാണ്. അങ്ങനെയുള്ള തന്റെ ജീവിതത്തെ ചെറുതാക്കിക്കളയരുത്. മന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കണം’’ – അവർ പ്രതികരിച്ചു.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തുനിന്ന് ഇത്തരമൊരു പരമാര്‍ശം നടത്തിയത് വളരെ മോശമാണെന്നും പറഞ്ഞത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഷയത്തില്‍ നാഗചൈതന്യയുടെ പ്രതികരണം.
‘‘വിവാഹമോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണത്. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ടു പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവവിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതു കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ മന്ത്രി നടത്തിയ പരമാര്‍ശം വാസ്തവവിരുദ്ധമാണ് എന്നു മാത്രമല്ല, അങ്ങേയറ്റം ആക്ഷേപകരം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്കു തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്’’ – നാഗചൈതന്യ കുറിച്ചു.
സുരേഖയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വ്യാജവുമാണെന്നു വ്യക്തമാക്കി നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പർതാരവുമായ നാഗാർജുന അക്കിനേനി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുന്ന സിനിമാതാരങ്ങളുടെ പേരുൾപ്പെടുത്തി എതിരാളികളെ വിമർശിക്കരുതെന്നും മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും നാഗാർജുന എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിൽ പറയുന്നു. നാഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും സമൂഹമാധ്യമത്തിലൂടെ സുരേഖയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണമെന്നും സുരേഖയെക്കൊണ്ട് മാപ്പു പറയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
∙ ജൂനിയർ എൻടിആറും രംഗത്ത്
തെലുങ്കിലെ നിരവധി മുൻനിരതാരങ്ങളാണ് വിഷയത്തിൽ പ്രതികരിച്ചത്. ‘‘വ്യക്തിജീവിതം രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നത് തരംതാഴ്ന്ന പരിപാടിയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്വകാര്യതയെ ബഹുമാനിക്കുകയും മാന്യത പുലർത്തുകയും വേണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉന്നയിക്കുന്നത് ഹൃദയവേദനയുണ്ടാക്കുന്നു. അതുകേട്ട് ഞങ്ങൾ വെറുതേയിരിക്കില്ല. ഇത്തരം കാര്യങ്ങളെ അതിജീവിച്ച് പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകും. ഇത്തരം നിലപാടുകൾ ജനാധിപത്യ ഇന്ത്യയിലെ സമൂഹം സാമാന്യവത്കരിക്കില്ലെന്ന് ഉറപ്പുവരുത്തും’’ – ജൂനിയർ എൻടിആർ എക്സിൽ കുറിച്ചു.
നടിയും ബിജെപി നേതാവുമായ ഖുഷ്ബുവും വിഷയത്തിൽ പ്രതികരിച്ചു. ‘‘വെറും പ്രശസ്തി തേടുന്നവർ മാത്രമാണ് ഇത്തരം ഭാഷയിൽ സംസാരിക്കുകയെന്നായിരുന്നു ഞാൻ കരുതിയത്. സ്ത്രീത്വത്തെ അപമാനിക്കുകയാണ്. നിങ്ങൾക്ക് ചില മൂല്യങ്ങളുണ്ടെന്നു കരുതുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്റെ വ്യവസായമേഖലയ്ക്കെതിരെ ഉന്നയിക്കരുത്. സിനിമാ മേഖല ഇതുകേട്ടിട്ട് മിണ്ടാതിരിക്കില്ല. നിങ്ങൾ മാപ്പു പറഞ്ഞേ തീരൂ’’ –ഖുഷ്ബു എക്സിലൂടെ പ്രതികരിച്ചു.
ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. ചന്ദ്രശേഖര റാവുവിന്റെ മകനാണ് കെടിആർ. സമാന്തയുമായി രണ്ടുവർഷം മുൻപ് വേർപിരിഞ്ഞ നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്യാനിരിക്കുകയാണ്. ഓഗസ്റ്റിലായിരുന്നു വിവാഹനിശ്ചയം.