ADVERTISEMENT

കോഴിക്കോട് ∙ തന്റെ പ്രതികരണങ്ങൾ വൈകാരികമായി തോന്നിയെങ്കിൽ അർജുന്റെ കുടുംബത്തോടു മാപ്പു ചോദിക്കുന്നെന്ന് ലോറി ഉടമ മനാഫ്. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും മനാഫ് പറ​ഞ്ഞു. അർജുന്റെ പേരിൽ ഒരു പണപ്പിരിവും നടത്തിയിട്ടില്ല. ദൗത്യത്തിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ആഐ ചാനൽ ഇനി ഉപയോഗിക്കേണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ആ തീരുമാനം മാറ്റിയെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ആർസി ഓണർ താനാണെന്ന് മനാഫിന്റെ സഹോദരൻ മുബീൻ പറഞ്ഞു. മനാഫും താനും പാർട്ണർഷിപ്പിൽ കച്ചവടം ചെയ്യുന്നവരാണെന്നും വാഹനം ഞങ്ങളുടെ രണ്ടുപേരുടേതും കൂടിയാണെന്നും മുബീൻ കൂട്ടിച്ചേർത്തു.

മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്:

‘‘കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിഷയത്തിൽ വ്യക്തത നൽകാൻ വേണ്ടിയാണ് ഇപ്പോൾ വാർത്താസമ്മേളനം നടത്തുന്നത്. ഇങ്ങനൊരു വാർത്താസമ്മേളനം നടത്താൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെ നിന്ന് അയാളെ വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ ഒരു ഹൈപ്പും പിആർ വർക്കുമൊന്നും ചെയ്തിട്ടില്ല. എന്റെ സ്വഭാവം ഇങ്ങനെയാണ്, അത് അവർക്ക് വൈകാരികമായി തോന്നിയിട്ടുണ്ടെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. ഒരു കുടുംബത്തിന് നഷ്ടം വന്നു നിൽക്കുന്ന സമയമാണ്. ഞാൻ ആ കുടുംബത്തോടൊപ്പമാണ്. ഇന്നത്തോടെ ഈ വിഷയം അവസാനിപ്പിക്കണം.

ഇന്ത്യ കണ്ട ചരിത്രമാണ് അർജുന്റെ ദൗത്യം. പരസ്പരം ചെളി വാരിയെറിഞ്ഞ് ഇതിന്റെ മഹത്വം നഷ്ടപ്പെടരുത്. അവന്റെ ചിത അടങ്ങുന്നതിന് മുൻപ് പ്രശ്നം ഉണ്ടാകരുത്. മുബീൻ എന്റെ അനിയനാണ്. കുടുംബ ബിസിനസാണ്. പലപ്പോഴും വാഹനം വാങ്ങാറുള്ളത് മുബീന്റെ പേരിലാണ്. ഞാനൊരു പണപ്പിരിവും നടത്തിയിട്ടില്ല. ആരുടെയെങ്കിലും അടുത്ത് നിന്ന് എന്തെങ്കിലും പണം വാങ്ങിയെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ മാനാഞ്ചിറ വന്ന് നില്‌‍ക്കും, എന്നെ കല്ലെറി‍ഞ്ഞ് കൊന്നോളു. ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങേണ്ട ആവശ്യമില്ല.

മുക്കത്ത് ഒരു സ്കൂളിൽ ഒരു ചടങ്ങ് ഉണ്ടായിരുന്നു. മനാഫിന് ഒരു തുക തരുമെന്ന് അവർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ എനിക്ക് അതു വേണ്ട എന്നു പറഞ്ഞതാണ്. അപ്പോൾ മാനേജ്മെന്റ് തീരുമാനമെന്നാണ് അവർ പറഞ്ഞത്. അപ്പോൾ അർജുന്റെ മകന് അത് കൊടുക്കുമെന്ന് ഞാൻ അവരെ അറിയിച്ചിരുന്നു. അർജുന്റെ മകന് അക്കൗണ്ട് നമ്പറുണ്ടോ എന്നതാണ് ഞാൻ ചോദിച്ച ഏറ്റവും വലിയ തെറ്റ്. ആരെങ്കിലും എനിക്ക് പണം തരുന്നുണ്ടെങ്കിൽ അത് മകന് കിട്ടട്ടേ എന്നാണ് ഞാൻ കരുതിയത്. അതാണ് അവർക്ക് പ്രശ്നമായത്. എന്നാൽ ഇന്ന് ഞാൻ പരിപാടിക്ക് പോയെങ്കിലും സ്കൂളിൽ നിന്ന് പണം വാങ്ങിയിട്ടില്ല. അവന് എന്തെങ്കിലും കിട്ടട്ടെ എന്ന് കരുതിയാണ് അക്കൗണ്ട് നമ്പർ ചോദിച്ചത്. അത് അവർക്ക് പ്രശ്നമായെങ്കിൽ മാപ്പ് പറയുന്നു.

യൂട്യൂബ് ചാനൽ തുടങ്ങിയതിൽ അവർക്ക് ബുദ്ധിമുട്ട് അർജുന്റെ ഫോട്ടോ വച്ചു എന്നതാണ്. അത് ഞാൻ മാറ്റി. മാധ്യമപ്രവർത്തകരാണ് അർജുന്റെ ദൗത്യത്തിൽ എപ്പോഴും കൂടെയുണ്ടായിരുന്നത്. എന്നാൽ രക്ഷാപ്രവർത്തനം ഇടയ്ക്ക് നിന്നു പോയിരുന്നു. അപ്പോൾ അവിടെ മാധ്യമപ്രവർത്തകർ ഇല്ലാത്ത സമയമുണ്ടായിരുന്നു. അന്ന് അവർ തന്നെയാണ് ഇത്തരത്തിൽ ഒരു ചാനൽ തുടങ്ങുന്നതിനെ പറ്റി പറഞ്ഞത്. എല്ലാ കാര്യവും പെട്ടെന്ന് അറിയാൻ പറ്റുമെന്നതായിരുന്നു ആദ്യത്തെ കാര്യം. രണ്ടാമത്തെ കാര്യം ഞാൻ എപ്പോഴും അവിടെ ഒറ്റയ്ക്കായിരുന്നു. എനിക്ക് ജനങ്ങളുമായി എന്തെങ്കിലും സംസാരിക്കാമെങ്കിൽ അതില് ഇടാം എന്നായിരുന്നു ചിന്ത. പിന്നെ ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ എനിക്ക് എന്തെങ്കിലും പറ്റിയാൽ അത് പെട്ടെന്ന് അറിയിക്കാം എന്നും ചിന്തിച്ചിരുന്നു. മാധ്യമങ്ങളിൽ എല്ലാവരും എന്നെ അറിഞ്ഞത് ലോറിയുടമ മനാഫ് എന്ന പേരിലാണ്. അതുകൊണ്ടാണ് അത്തരത്തിലൊരു പേര് നൽകിയത്. അർജുനെ എത്തിച്ചതിന് പിന്നാലെ യൂട്യൂബ് ചാനൽ ഞാൻ ഉപയോഗിച്ചിരുന്നില്ല. അങ്ങനെ ചെയ്യാമെന്നായിരുന്നു നേരത്തേ ഉദ്ദേശിച്ചത്. എന്നാൽ ഇനി അത് അങ്ങനെയല്ല.

അർജുനെ കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്. അഞ്ജു ലോറിയുടമ മുബീൻ ആണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചർച്ചകൾ തുടങ്ങിയത്. അതുകൊണ്ടാണ് അർജുന്റെ കൂടെ വരണമെന്നു കരുതിയ ഞാൻ അതിന് മുമ്പേ വന്ന് വീട്ടുകാരോട് സംസാരിച്ചത്. പക്ഷേ, അത് അവർക്ക് തൃപ്തികരമായില്ല എന്നാണ് തോന്നിയത്. പിന്നാലെ രാത്രി വീണ്ടും പോയി വ്യക്തമായി അവരോട് സംസാരിച്ചതാണ്. മുബീൻ എന്റെ അനിയനാണ്, അവന്റെ വാഹനമാണ്, ആരുടെ വാഹനമായാലും കുഴപ്പമില്ല എന്നെല്ലാം അവരോട് പറഞ്ഞിരുന്നു.

2000 രൂപ ഞാൻ കൊടുത്തു എന്നാണ് അവർ പറഞ്ഞ മറ്റൊരു ആരോപണം. അത് അങ്ങനെയല്ല, ഞാൻ ബഹുമാനിക്കുന്ന ഒരു ഉസ്താദ് എന്നോട് അർജുന്റെ വീട്ടിൽ കൊണ്ടുപോകണം എന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടെ കൊണ്ടുപോയതാണ്, അദ്ദേഹമാണ് 2000 രൂപ കൊടുത്തത്. അത് പ്രായമായൊരാൾ കൊടുത്തു എന്ന തലത്തിൽ എടുക്കാനുള്ളതേ ഉള്ളു.’’

English Summary:

Kozhikode Lorry Owner Clarifies Actions, Expresses Support for Deceased Worker's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com