പി.വി.അൻവറിനെ സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കും: സ്പീക്കർക്ക് കത്ത് നൽകി
Mail This Article
തിരുവനന്തപുരം∙ ഗുരതര ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ചു സ്പീക്കർക്ക് നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ കത്തുനൽകി. അൻവറിനെ ഒഴിവാക്കണമെന്ന ആവശ്യം നിയമസഭാ സെക്രട്ടേറിയറ്റ് അംഗീകരിക്കും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷ നിരയിൽ അവസാന സീറ്റിലായിരിക്കും അൻവറിന്റെ ഇരിപ്പിടം.
എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു പി.വി.അൻവർ ഉന്നയിച്ചത്. എന്നാൽ അജിത് കുമാറിനെയും പി.ശശിയെയും മുഖ്യമന്ത്രി ചേർത്തുപിടിച്ചതോടെ മുഖ്യമന്ത്രിക്ക് എതിരെയും പാർട്ടിക്ക് എതിരെയും രൂക്ഷവിമർശനവുമായി അൻവർ കടുപ്പിച്ചു. പിന്നാലെ നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ അൻവറുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നു സിപിഎമ്മും വ്യക്തമാക്കിയിരുന്നു.