ADVERTISEMENT

പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ഓഹരി വിപണിയിലും അലയടിച്ച് യുദ്ധപ്പേടി. സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഒരുവേള 1,200 പോയിന്റിലധികം നഷ്ടം നേരിട്ട സെൻെസക്സ് വ്യാപാരം ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴേക്കുമുള്ളത് 899 പോയിന്റ് (-1.07%) താഴ്ന്ന് 83,367ൽ. 

ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, അൾട്രടെക് സിമന്റ്, എസ്ബിഐ, സൺ ഫാർമ എന്നിവ മാത്രമാണ് സെൻസെക്സിൽ വീഴാതെ പിടിച്ചുനിന്നത്. 0.18 മുതൽ 2.71% വരെയാണ് ഇവയുടെ നേട്ടം. ഏഷ്യൻ പെയിന്റ്സ് 3.67% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. ടാറ്റാ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയവ 1-2.4% ഇടിഞ്ഞു.

ബിഎസ്ഇയിൽ 3,815 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,201 എണ്ണം മാത്രമാണു നേട്ടത്തിലുള്ളത്. 2,454 ഓഹരികൾ ചുവന്നു. 145 ഓഹരികളുടെ വില മാറിയിട്ടില്ല. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽനിന്ന് ഇന്നു വ്യാപാരത്തുടക്കത്തിൽ ആറു ലക്ഷം കോടി രൂപ കൊഴിഞ്ഞുപോയിരുന്നു. നിലവിൽ നഷ്ടം 4.88 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കനക്കുന്നതും ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതുമാണ് ഓഹരി വിപണിക്കു തിരിച്ചടിയായത്. പുറമേ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൈനീസ് ഓഹരികളോടു താൽപര്യം കാട്ടുന്നതും വലയ്ക്കുന്നു. കഴിഞ്ഞമാസത്തെ വാഹന വിൽപനക്കണക്ക് നിരാശപ്പെടുത്തിയത്, ഈ വിഭാഗത്തെ കമ്പനികളുടെ ഓഹരികൾക്കും ക്ഷീണമായി. 

∙ചുവപ്പണിഞ്ഞ് വിശാല വിപണി

വിശാല വിപണിയിൽ നിഫ്റ്റി മെറ്റൽ (+0.42%), ഫാർമ (+0.03%) എന്നിവയൊഴികെ മറ്റെല്ലാ വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി റിയൽറ്റി 2.63% നഷ്ടത്തിലായി. കഴിഞ്ഞപാദത്തിലെ മോശം വിൽപനക്കണക്കുകളും റിയൽറ്റിക്ക് തിരിച്ചടിയാണ്. ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.8 മുതൽ ഒന്നര ശതമാനം വരെ താഴ്ന്നു.

ബാങ്ക് നിഫ്റ്റി 1.17% താഴേക്കിറങ്ങി. അതേസമയം, ഇന്ത്യൻ ഓഹരി സൂചികകളിൽ‌ സമ്മർദ്ദം ശക്തമാണെന്നും ചാഞ്ചാട്ടം തുടരുമെന്നും സൂചിപ്പിക്കുന്ന സൂചികയായ ഇന്ത്യ വിക്സ് 7.36% നേട്ടത്തിലാണുള്ളത്. നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.

നിഫ്റ്റി50ൽ 40 ഓഹരികളും നഷ്ടത്തിലാണ്. ഒൻപത് ഓഹരികൾ നേട്ടത്തിലും ഒരു ഓഹരി വിലയിൽ മാറ്റമില്ലാതെയും വ്യാപാരം ചെയ്യുന്നു. 2.34% ഉയർന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ നേട്ടത്തിലും 4.23% ഇടിഞ്ഞ് ഐഷർ മോട്ടോഴ്സ് നഷ്ടത്തിലും ഒന്നാംസ്ഥാനത്തുണ്ട്.

കോർപ്പറേറ്റ് കമ്പനികൾ കഴിഞ്ഞപാദ പ്രവർത്തനഫലങ്ങളും ബാങ്കിങ് സ്ഥാപനങ്ങൾ ബിസിനസ് അപ്ഡേറ്റുകളും പുറത്തുവിട്ടു തുടങ്ങുമെന്നതും നിക്ഷേപകരെ സമ്മർദ്ദത്തിലാക്കുകയാണ്. കേരളത്തിൽനിന്നുള്ള സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും കഴിഞ്ഞദിവസം തന്നെ ബിസിനസ് അപ്ഡേറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

∙സെബിയുടെ പുത്തൻ ചട്ടവും ചൈനീസ് പാരയും

അവധി വ്യാപാരത്തിൽ (എഫ് ആൻഡ് ഒ) റീടെയ്ൽ ഇടപാടുകാരുടെ പങ്കാളിത്തം നിയന്ത്രിക്കാനും വ്യാപാരയളവ് കുറയ്ക്കാനും സെബി നടപ്പാക്കുന്ന പുതിയ ചട്ടങ്ങളും വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാരയളവ് 40% വരെ കുറയ്ക്കാനുള്ള നടപടികളാണ് സെബി എടുക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇടിവിന്റെ ട്രാക്കിലായിരുന്നു ചൈനീസ് വിപണി. ഓഹരികളെല്ലാം അതുകൊണ്ടു തന്നെ നിക്ഷേപകർക്കു വാങ്ങിക്കൂട്ടാനാകും വിധം ആകർഷക വിലയിലുമായിട്ടുണ്ട്. ആഭ്യന്തര വളർച്ചാനിരക്കും റിയൽ എസ്റ്റേറ്റ് വിൽപനയും മെച്ചപ്പെടുത്താൻ ചൈന സ്വീകരിച്ച നടപടികളുടെ കരുത്തിൽ ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് ഓഹരികൾ കയറിയത് വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണ്. ഇന്ത്യൻ വിപണിയാണ് ഇതുമൂലം കൂടുതൽ തിരിച്ചടി നേരിടുന്നത്. ഇന്ത്യയിൽനിന്നു പിൻവലിഞ്ഞ് വിദേശ നിക്ഷേപകർ ചൈനയിലേക്ക് കൂടുമാറുകയാണ്.

∙കിറ്റെക്സ് കുതിപ്പിലാണ്

കിറ്റെക്സ് ഇന്നും 5% ഉയർന്ന് അപ്പ‍‌ർ-സർക്യൂട്ടിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി അപ്പർ-സർക്യൂട്ടിലാണ് കിറ്റെക്സ്. ഇന്ന് വില 569 രൂപയായിട്ടുണ്ട്. വൈദ്യുത വാഹന വായ്പാ വിതരണത്തിന് ആക്സിസ് ബാങ്കുമായി കൈകോർത്ത മുത്തൂറ്റ് ക്യാപിറ്റലിന്റെ ഓഹരികൾ ഇന്ന് 6.09% നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു.

പോപ്പീസ് 4.97%, സെല്ല സ്പേസ് 4.96%, ഇൻഡിട്രേഡ് 4.4%, ഹാരിസൺസ് മലയാളം 2.45% എന്നിങ്ങനെയും ഉയർന്ന് നേട്ടത്തിൽ മുൻനിരയിലുണ്ട്. 4.01% താഴ്ന്ന് വെർട്ടെക്സാണ് നഷ്ടത്തിൽ മുന്നിൽ. അപ്പോളോ ടയേഴ്സ്, മണപ്പുറം ഫിനാൻസ്, ഡബ്ല്യുഐപിഎൽ, പ്രൈമ അഗ്രോ, ജിടിഎൻ ടെക്സ്റ്റൈൽസ്, ബിപിഎൽ എന്നിവയും രണ്ട് ശതമാനത്തിലധികം താഴ്ന്നു.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

War Fears Grip Dalal Street: Sensex Tanks 1,200 Points, ₹6 Lakh Crore Investor Wealth Wiped Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com