സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം സംസ്കരിച്ചു; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
Mail This Article
പത്തനംതിട്ട ∙ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടം കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കരിച്ചു. പ്രത്യേകമായി തയാറാക്കിയ കല്ലറയിലായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി വീണാ ജോർജ് റീത്ത് സമർപ്പിച്ചു. രാഹുൽ ഗാന്ധിക്കു വേണ്ടി ആന്റോ ആന്റണി എംപി അനുശോചന സന്ദേശം വായിച്ചു. പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപ്പിള്ള ഇന്നലെ റീത്ത് സമർപ്പിച്ചിരുന്നു.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം വസതിയായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിലെ പൊതുദർശനത്തിന് എത്തിച്ചിരുന്നു. മൃതദേഹം ഇലന്തൂർ മാർക്കറ്റ് ജംക്‌ഷനിൽ എത്തിച്ചശേഷം തുറന്ന വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപയാത്രയായാണു ജ്യേഷ്ഠന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ ഭവനത്തിലേക്കു എത്തിച്ചത്.
ഭവനത്തിൽ വച്ച് നടന്ന സംസ്കാര ശുശ്രൂഷയുടെ മൂന്നാംക്രമം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലാണ് നടന്നത്. തുടർന്നു കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്കു വിലാപയാത്രയായെത്തി. ഡോ.ഏബ്രഹാം മാർ സെറാഫിമിന്റെ കാർമികത്വത്തിലായിരുന്നു സമാപന ശുശ്രൂഷ. ഇടവക പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം നടന്നത്. ഇന്നലെ 1.30ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം കരസേനയുടെ പാങ്ങോട് ക്യാംപിലെ ഉദ്യോഗസ്ഥരാണ് ഏറ്റുവാങ്ങിയത്.