ADVERTISEMENT

അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട ഇലന്തൂരിലുള്ള വീട്ടിലേക്ക് തോമസ് ചെറിയാന്റെ ഭൗതികശരീരം എത്തിയിരിക്കുകയാണ്. 1968 ഫെബ്രുവരിയിൽ ലഡാക്കിൽ വച്ച് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മരിച്ച 102 സൈനികരിൽ ഒരാളാണ് തോമസ് ചെറിയാൻ. റോഹ്താങ് പാസിലെ മഞ്ഞുമൂടിയ മലയിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. 2003 മുതൽ ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ അഞ്ചു വർഷങ്ങളായി അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരുന്നു.

ഒരു മനുഷ്യനോ മറ്റു ജീവജാലങ്ങൾക്കോ സാധാരണ കാലാവസ്ഥയിൽ മരണം സംഭവിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ജഡം ജീർണിച്ചു തുടങ്ങും. എന്നാൽ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ വച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ ജഡത്തിനുമേൽ പല പാളികളായി മഞ്ഞു വന്നു വീണ് അവ കണ്ടെത്താനാവാത്ത വിധത്തിൽ മൂടപ്പെട്ട് പോകും. മഞ്ഞു കൂമ്പാരത്തിനുള്ളിൽ കാലങ്ങളോളം ജഡങ്ങൾ അതേപടി കേടുകൂടാതെ തുടരുകയും ചെയ്യും. 22 വർഷങ്ങൾക്കു മുൻപ് പെറുവിലെ മഞ്ഞുവീഴ്ചയിൽ കാണാതായ ഒരു പർവതാരോഹകന്റെ ജഡവും ഏതാനും മാസങ്ങൾക്കു മുൻപ് ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് ഉരുകിയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ശരീരം മഞ്ഞുകൂനയിൽ നിന്നും വെളിവായത്. അദ്ദേഹത്തിന്റെ ശരീരവും വസ്ത്രങ്ങളുമെല്ലാം മരണസമയത്തെ അതേ നിലയിൽ സംരക്ഷിക്കപ്പെട്ടിരുന്നു.

ഒരു ശരീരം ജീർണ്ണിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് താപനില തന്നെയാണ്. അതിനുപുറമേ ഈ പ്രക്രിയയിൽ ബാക്ടീരിയയും പ്രാണികളും സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം ജീവികൾക്ക് നിലനിൽക്കാന്‍ ആവശ്യമായ താപനിലയില്ലെങ്കിൽ  അവ സജീവമാകില്ല. അതി ശൈത്യമുള്ള മേഖലകളിൽ ഈ ജീവികൾക്ക് പ്രവർത്തിക്കാനാവില്ലെന്നത് തന്നെയാണ് മഞ്ഞുമലകളിൽ വച്ച് മരണപ്പെട്ടവരുടെ ജഡം പതിറ്റാണ്ടുകൾക്കു ശേഷവും അതേ നിലയിൽ തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

തോമസ് ചെറിയാൻ
തോമസ് ചെറിയാൻ

മഞ്ഞുമൂടിയ പ്രദേശങ്ങളിൽ വച്ച് മരണപ്പെടുന്നവരുടെ ശരീരകോശങ്ങൾ ശീതീകരിച്ച നിലയിൽ അതാത് സ്ഥാനങ്ങളിൽ തന്നെ തുടരും. ഇത് ദ്രവീകരണ പ്രക്രിയയെ അക്ഷരാർത്ഥത്തിൽ തടഞ്ഞുനിർത്തുകയാണ് ചെയ്യുന്നത്. കാറ്റിൽ നിന്നും വെളിച്ചത്തിൽ നിന്നും മൃതദേഹങ്ങളെ സംരക്ഷിക്കുന്ന വിധത്തിൽ മഞ്ഞ് ഒരു ഇൻസുലറേറ്ററായി പ്രവർത്തിക്കുന്നതും ജഡങ്ങൾ അവയ്ക്കുള്ളിൽ മാറ്റമേതുമില്ലാതെ തുടരുന്നതിന് കാരണമാകുന്നുണ്ട്. 56 വർഷം എന്നത് നീണ്ട കാലയളവായി തോന്നുമെങ്കിലും നൂറുകണക്കിനും ആയിരക്കണക്കിനും വർഷങ്ങൾക്കു മുകളിൽ വരെ ജഡങ്ങൾ മഞ്ഞിനുള്ളിൽ സംരക്ഷിക്കപ്പെടുമെന്നതാണ് വസ്തുത.

1991 ആൽപ്സ് പർവതനിരയിൽ നിന്നും കണ്ടെത്തിയ ഒരു ജഡം തന്നെ ഉദാഹരണമായി എടുക്കാം. ജഡം കണ്ടെത്തിയ സമയത്ത് അത് ഏതാനും വർഷങ്ങൾക്കു മുൻപ് പർവതം കയറിയ ഏതോ വ്യക്തിയുടെ അവശിഷ്ടങ്ങളാവും എന്നതായിരുന്നു പ്രാഥമിക നിഗമനങ്ങൾ. എന്നാൽ പിന്നീട് നടത്തിയ സൂക്ഷ്മമായ പരിശോധനകളിൽ 3300 ബി സിയിൽ മരിച്ച വ്യക്തിയുടെ ജഡമാണിതെന്ന് തെളിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിലെ കലകളും ആമാശയത്തിൽ അവശേഷിച്ച ഭക്ഷണവും വരെ കണ്ടെത്താനായി. ഐസ് മാൻ എന്ന പേരിലാണ് ഈ ജഡം അറിയപ്പെടുന്നത്.

English Summary:

Ladakh Crash Victim's Return Sparks Look at Bodies Preserved by Ice for Centuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com