യൂറോപ്പിനെ ഭ്രമിപ്പിച്ച നീലം! ഇന്ത്യയിൽ ജനനം കൊണ്ട ഇൻഡിഗോ
Mail This Article
ദൃശ്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള വിബ്ജിയോർ എന്ന ചുരുക്കെഴുത്തിൽ അടങ്ങിയിരിക്കുന്ന സപ്തവർണങ്ങളിൽ ഒരെണ്ണം ഇൻഡിഗോയാണ്. വയലറ്റിനും നീലയ്ക്കും ഇടയിലുള്ള വർണം. ഇൻഡിഗോഫെറ എന്ന ജനുസ്സിൽ പെടുന്ന നീലം ചെടികളിൽ നിന്നാണ് ഇൻഡിഗോ ഉത്പാദിപ്പിക്കപ്പെടുന്നത്. ചെടിയുടെ ഇലകളിൽ നിന്ന് നിറക്കൂട്ട് തയാറാക്കി വിവിധ രാസവസ്തുക്കളുമായി പ്രവർത്തനങ്ങൾ നടത്തിയാണ് ഇതു വികസിപ്പിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും സ്വാഭാവികമായി വളർന്നിരുന്ന നീലം ചെടികൾ ഇന്നു ലോകത്ത് പലയിടത്തും കൃഷി ചെയ്യപ്പെടുന്നുണ്ട്.
സ്വാഭാവിക നിറക്കൂട്ടുകളിൽ പ്രശസ്തമായ ഒന്നാണ് ഇൻഡിഗോ. വസ്ത്രങ്ങൾക്കും മറ്റും നിറം കൊടുക്കാൻ ഇത് ലോകവ്യാപകമായി ഉപയോഗിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന നീല ജീൻസുകൾക്കും മറ്റും ഈ വർണം ലഭിക്കുന്നത് ഇൻഡിഗോയിൽ നിന്നാണ്. പേരിൽ തന്നെ നമ്മുടെ രാജ്യവുമായി ബന്ധമുള്ള നിറക്കൂട്ടാണ് ഇൻഡിഗോ. ഇന്ത്യയിൽ നിന്നുള്ള വസ്തു എന്ന് അർഥമുള്ള ഇൻഡിക്കം എന്ന വാക്കിൽ നിന്നാണ് ഈ നിറക്കൂട്ടിന് പേര് ലഭിച്ചത്.
1883ലാണ് ഇൻഡിഗോയുടെ രാസഘടന കണ്ടെത്തിയത്. അഡോൽഫ് വാൻ ബെയർ എന്ന ശാസ്ത്രജ്ഞന്റെ ശ്രമഫലമായാണ് ഇതു സാധിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾ സന്ദർശിച്ച മാർക്കോ പോളോയാണ് ഇൻഡിഗോയെക്കുറിച്ച് ആദ്യമായി ഒരു സമഗ്രമായ റിപ്പോർട്ട് എഴുതി തയാറാക്കിയത്.
ഗ്രീക്ക്–റോമൻ കാലയളവിൽ യൂറോപ്പിൽ ഇൻഡിഗോ പ്രധാനമായും എത്തിയിരുന്നത് ഇന്ത്യയിൽ നിന്നാണെന്നു കരുതപ്പെടുന്നു. മധ്യകാലഘട്ടത്തിൽ ഇൻഡിഗോയ്ക്ക് യൂറോപ്പിലെമ്പാടും ആവശ്യക്കാരുണ്ടായി. ഇൻഡിഗോ അതിനും മുൻപ് തന്നെ പല ആദിമ സമൂഹങ്ങളും ഉപയോഗിച്ചിരുന്നു. 2016ൽ ഇൻഡിഗോ കൊണ്ട് നിറം നൽകിയ 6000 വർഷം പഴക്കമുള്ള ഒരു വസ്ത്രക്കഷണം പെറുവിൽ കണ്ടെത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇൻഡിഗോയ്ക്ക് വലിയ വിലയായിരുന്നു. അതിനാൽ തന്നെ ഇതുപയോഗിച്ച് നിറം നൽകിയ വസ്ത്രങ്ങൾ രാജാക്കൻമാരും മറ്റ് പ്രഭുക്കൻമാരുമൊക്കെയായിരുന്നു ഉപയോഗിച്ചത്.