ശുചിമുറി മാലിന്യപൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസർജ്യത്തിൽ കുളിച്ച് കാൽനടക്കാരും വാഹനങ്ങളും
Mail This Article
ചൈനയിലെ നാന്നിങ് നഗരത്തിൽ പുതിയതായി സ്ഥാപിച്ച ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റൻ പൈപ്പ് പൊട്ടിത്തെറിച്ചു. പൈപ്പ് ലൈനിനു സമീപം റോഡ് നിർമാണത്തിനായി പ്രഷർ ടെസ്റ്റ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ മനുഷ്യ വിസർജ്യം ആ പ്രദേശമാകെ നിറഞ്ഞു. കാൽനടയാത്രക്കാരുടെയും ബൈക്ക് യാത്രികരുമെല്ലാം മാലിന്യത്തിൽ കുളിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സെപ്റ്റംബർ 24നായിരുന്നു അപകടം. അതിശക്തമായ രീതിയിൽ പൈപ്പ് പൊട്ടിയതിൽ പ്രദേശത്ത് കുഴി രൂപപ്പെട്ടു. 33 മീറ്ററോളം ഉയരത്തിലാണ് മലമൂത്ര വിസർജ്യം തെറിച്ചത്. പ്രദേശത്തെ എല്ലാ കെട്ടിടങ്ങളും വാഹനങ്ങളും വിസർജ്യത്താൽ മൂടി. ഒരു കാറിന്റെ മുൻ ഗ്ലാസിൽ വിസർജ്യം വന്നുവീഴുന്നത് വിഡിയോയിൽ കാണാം. സീവേജ് പൈപ്പ് പൊട്ടിത്തെറിയിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും പ്രദേശം ശുചീകരിച്ചെന്നും അധികൃതർ പറയുന്നു. ഭാവിയിൽ മലിനജല പൈപ്പുകളുടെ പൊട്ടിത്തെറി തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അവർ അറിയിച്ചു.