ADVERTISEMENT

നാലു മാസം നീണ്ട തെക്കു പടിഞ്ഞാറൻ കാലവർഷക്കാലം തുലാവർഷ മേഘങ്ങൾക്കു വഴിമാറുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും. ജൂൺ1 – സെപ്റ്റംബർ 30 കാലയളവിലെ കാലവർഷത്തിൽ 13 % മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതു സംസ്ഥാനത്തിന്റെ ജലസുരക്ഷയ്ക്ക് ഒട്ടും ഭീഷണി ഉയർത്തുന്നില്ല. കൃഷിക്കും ആവശ്യമായ മഴ കിട്ടി. തെക്കു പടിഞ്ഞാറു നിന്നു കിഴക്കോട്ട് വീശിയെത്തുന്ന കാലവർഷം പിൻവാങ്ങുന്നതോടെ നീരാവിക്കാറ്റ് കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ദിശ മാറ്റിപ്പിടിക്കുന്നതാണ് യഥാർഥത്തിൽ തുലാമഴ.

സംസ്ഥാനത്തിന്റെ ജല–കാർഷിക സുരക്ഷയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തുലാമഴയാണ് കേരളത്തിന്റെ മഴക്കണക്കിന്റെ 30% വരെ സംഭാവന ചെയ്യുന്നത്. വടക്കു കിഴക്കൻ മഴ എന്ന് ഇതിനെ വിളിക്കുന്നതിനു കാരണവും കാറ്റിലെ ഈ ഗതിമാറ്റമാണ്. മിന്നലിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയവുമാണ് ഇതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. ഈ വാരാന്ത്യത്തിൽ ബംഗാൾ ഉൾക്കടലിൽ ആദ്യ ന്യൂനമർദം ഉടലെടുക്കും.

തുലാമഴ: കേരളത്തിന് എന്നും അനുഗ്രഹമഴ

വരാൻ പോകുന്ന തുലാമഴയെ പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് സംസ്ഥാനത്ത് വേണ്ടത്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന തുലാവർഷക്കാലത്ത് തെക്കൻ സംസ്ഥാനങ്ങളിലാകെ പതിവിലും 12% മഴ അധികം ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ കേരളത്തിൽ ഇത് ചില മലയോര ജില്ലകളിൽ മാത്രം അതിതീവ്രമഴയായി പെയ്തിറങ്ങാനാണു സാധ്യത. ചില ജില്ലകളിൽ മാത്രമാവും മെച്ചപ്പെട്ട തുലാമഴ ലഭിക്കുക. ചിലയിടങ്ങളിൽ ഇത് തീവ്രപ്രളയം സൃഷ്ടിക്കാനും സാധ്യതയുണ്ട്.

കാലവർഷത്തിൽ ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 66%, ശബരിഗിരിയിൽ 59% എന്നിങ്ങനെയാണ് ജലനിരപ്പ്. തുലാമഴ കൂടി ആകുമ്പോഴേക്കും റൂൾ കേർവ് നിയമം അനുസരിച്ചുള്ള ജലനിരപ്പ് പാലിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ ആശ്വാസം.

ന്യൂനമർദം, ചുഴലി: സാധ്യത 40% വരെ

ഈ മാസം പകുതിയോടെ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദങ്ങൾ രൂപപ്പെടാൻ 40% വരെ സാധ്യത ഉള്ളതായി യുഎസിലെ കാലാവസ്ഥാ ഏജൻസികൾ പറയുന്നു. ആഗോളതലത്തിൽ മഴയെത്തിക്കുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ എന്ന മഴപ്പാത്തിയും ഈ സമയത്ത് ദക്ഷിണേന്ത്യയ്ക്ക് അനുകൂലമായിരിക്കും. ഇത് ചിലപ്പോൾ ന്യൂനനർദങ്ങളിൽ നിന്ന് ചുഴലിക്കാറ്റുകളെ ഉയർത്തി വിട്ടേക്കാം. സമുദതാപവുമായി ബന്ധപെട്ട എൽ നിനോ മാറി ലാ നിന എന്ന എതിർ പ്രതിഭാസം ഉടലെടുത്താൽ ഉത്തരേന്ത്യയിൽ ഉൾപ്പെടെ വർഷാന്ത്യം അതിശൈത്യത്തിന്റേതാകാൻ സാധ്യത ഏറെയാണ്.

English Summary:

Kerala Braces for Thulavarsham: Heavy Rains, Lightning, and Potential Floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com