ADVERTISEMENT

ഒരുതരത്തിലും അനങ്ങാതെ ജീവന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ നിലനിൽക്കുന്നവയാണ് കല്ലുകളും പാറകളും. നിഷ്ക്രിയരായ മനുഷ്യരെ കാണുമ്പോൾ കല്ലു പോലെയിരിക്കുന്നു എന്ന് പരിഹസിക്കുന്നത് പോലും അവ അത്രത്തോളം ജീവനില്ലാത്തവ ആയതുകൊണ്ട് തന്നെയാണ്. എന്നാൽ ഈ ധാരണകളൊക്കെ തിരുത്തി സ്വന്തമായി വളരാനും രൂപം മാറാനും എന്തിനേറെ പ്രത്യുത്പാദനം നടത്താൻ പോലും കഴിവുള്ള കല്ലുകൾ ഭൂമിയിലുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ റൊമാനിയയിൽ എത്തിയാൽ ഈ സവിശേഷതകളെല്ലാമുള്ള അത്ഭുത കല്ലുകളെ നേരിട്ടുതന്നെ കാണാനാവും. 

റൊമാനിയയിലെ കോസ്റ്റെസ്റ്റി എന്ന ചെറു ഗ്രാമത്തിലാണ് ട്രോവന്റ് സ്റ്റോൺസ് എന്നറിയപ്പെടുന്ന കല്ലുകൾ പ്രധാനമായും ഉള്ളത്. പതിറ്റാണ്ടുകളായി ഗവേഷകരെയും സാധാരണക്കാരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഈ കല്ലുകൾ. പെബിൾ രൂപത്തിലുള്ളവ മുതൽ 15 അടി ഉയരംചെന്ന പാറ കണക്കെയുള്ളവ വരെ ട്രോവന്റ് സ്റ്റോൺ കുടുംബത്തിൽ കാണാം. അടിക്കടി ഇവ വളരുകയും ആകൃതി മാറുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രദേശവാസികളാണ് ഇവയെ ജീവനുള്ള കല്ലുകൾ എന്ന് ആദ്യം വിശേഷിപ്പിച്ചത്.

ഈ ആകൃതി മാറ്റത്തിനുമപ്പുറം വലിയ ട്രോവന്റ്  സ്റ്റോണുകളിൽ നിന്നും  പുതിയ കല്ലുകൾ ഉണ്ടാവുകയും  അവ അടർന്നുമാറി സ്വയം വളർന്നു തുടങ്ങുകയും ചെയ്യും. ഈ സവിശേഷത കണ്ടെത്തിയതോടെ  ട്രോവന്റ് സ്റ്റോണുകളുടെ പ്രത്യുത്പാദനം നടത്താനുള്ള കഴിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ട്രോവന്റ് സ്റ്റോണുകളുടെ അതിശയിപ്പിക്കുന്ന ഈ കഴിവുകൾക്ക് പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

ഉറച്ചനിലയിൽ ദൃഢതയേറിയ രീതിയിലാണ് കല്ലുകളുടെ അന്തർഭാഗം. എന്നാൽ ഇതിന് പുറമേയുള്ള ഭാഗങ്ങൾ മണൽകൊണ്ട് നിർമ്മിതമായ ആവരണങ്ങളാണ്. ട്രോവൻ്റുകളുടെ വളർച്ച അവയുടെ ഈ ഘടനയുമായും പാരിസ്ഥിതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ട്രോവൻ്റ് കല്ലുകളിൽ ചില രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. മഴ പെയ്യുന്ന സമയത്ത് മഴ വെള്ളത്തിലെ ധാതുക്കൾ ഈ രാസപദാർത്ഥങ്ങളുമായി കൂടിക്കലരുന്നു. ഇതിന്റെ ഫലമായി   കല്ലുകൾക്കുള്ളിൽ സമ്മർദ്ദം സൃഷ്ടിക്കപ്പെടുകയും ചെയ്യും.  ഈ പ്രതിപ്രവർത്തനത്തെ തുടർന്നാണ് ഇവ വികസിക്കുന്നത്, അല്ലെങ്കിൽ വളരുന്നത്.

എന്നാൽ കല്ലുകൾ നിന്നനിൽപ്പിൽ മറ്റു ജീവജാലങ്ങളെ പോലെ വളരാറില്ല. ഓരോ 1000 വർഷത്തിലും ഏകദേശം 1.5 മുതൽ 2 ഇഞ്ച് വരെ എന്ന കണക്കിൽ മന്ദഗതിയിലാണ് ഇവയുടെ വളർച്ചാ നിരക്ക്. പുതിയ കല്ലുകൾ ഉണ്ടാവുന്നതും മഴവെള്ളവുമായി ചേർന്നുള്ള പ്രവർത്തനത്തെ തുടർന്നാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്കു ശേഷം വലിയ കല്ലുകളുടെ ഏറ്റവും പുറംഭാഗത്തുള്ള ആവരണത്തിൽ ചെറുകല്ലുകൾ അഥവാ മൈക്രോട്രോവൻ്റ്സ് രൂപീകൃതമാകുന്നു. ഒരു ഘട്ടമെത്തുമ്പോൾ ചെറു കല്ലുകൾ വലിയ പാറയിൽ നിന്നും  പൊട്ടിയടർന്ന് വീഴുകയാണ് ചെയ്യുന്നത്. പിന്നീട് ഇവയും മറ്റു കല്ലുകളെ പോലെ സ്വയം വളർന്നു തുടങ്ങും.

ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ട്രോവൻ്റ് സ്റ്റോണുകളുടെ ഉത്ഭവം. ഏകദേശം 5.3 ദശലക്ഷം വർഷങ്ങൾക്കു മുൻപ് മധ്യ മയോസീൻ ഉപയുഗത്തിലാണ് ഈ കല്ലുകൾ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അവ നിലവിൽ കാണപ്പെടുന്ന പ്രദേശം ഒരുകാലത്ത് സമുദ്രമായിരുന്നുവെന്നും നിഗമനങ്ങളുണ്ട്. കല്ലുകൾക്കുള്ളിൽ കണ്ടെത്തിയ ചില ഫോസിലുകൾ പരിശോധിച്ചതിലൂടെയാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഭൂകമ്പങ്ങളും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മൂലമാണ് അവ ഇന്ന് കാണുന്ന രൂപത്തിലേയ്ക്ക് മാറിയത്. 

ട്രോവൻ്റ് സ്റ്റോണുകൾ ഉള്ള പ്രദേശങ്ങൾ എല്ലാം നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. കല്ലുകൾ സംരക്ഷിക്കുന്നതിനും അതേക്കുറിച്ചുള്ള അറിവ് പകരുന്നതിനുമായി പ്രത്യേക മ്യൂസിയവും കോസ്റ്റെസ്റ്റിയിൽ പ്രവർത്തിക്കുന്നുണ്ട്.  പ്രകൃതിയുടെ അത്ഭുതമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ട്രോവൻ്റ് കല്ലുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ഗവേഷണങ്ങൾ ഇപ്പോഴും തുടരുന്നു.

English Summary:

Living Rocks? Romania's Trovant Stones Grow, Change, and Even Reproduce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com