ADVERTISEMENT

വിചിത്രമായ അനവധി മൃഗങ്ങൾ പാർക്കുന്ന വൻകരയാണ് ഓസ്‌ട്രേലിയ. കംഗാരു, പ്ലാറ്റിപ്പസ് തുടങ്ങിയവയൊക്കെ ഇവയ്ക്ക് ഉദാഹരണം. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ജൈവ സവിശേഷതയാണ് മാർസൂപ്പിയൽസ് അഥവാ സഞ്ചിമൃഗങ്ങൾ. ഓസ്‌ട്രേലിയയിലെ വിചിത്രമായ ഒരു സഞ്ചിമൃഗമാണ് ആൻടെക്കിനസ്. കൗതുകകരമായ ഇണചേരൽ രീതിയാണ് ഈ ജീവികളെ ശ്രദ്ധേയമാക്കിയിട്ടുള്ളത്.

15 സ്പീഷീസുകളിലുള്ള ആൻടെക്കിനസുകൾ ഓസ്‌ട്രേലിയയിലുണ്ട്. ഇവയുടെ ഇണചേരൽ കാലഘട്ടം രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ്. ഈ സമയം ആൺ ആൻടെക്കിനസുകൾ വിശ്രമമില്ലാതെ ഇണചേരലിൽ ഏർപ്പെടും. 14 മണിക്കൂർ വരെയൊക്കെ നിർത്താതെ ഇവ ഇണചേരലിൽ ഏർപ്പെടാറുണ്ട്. ഈ ഇണചേരൽ കാലം കഴിയുന്നതോടെ ആൺ ആൻടെക്കിനസുകൾ എല്ലാവരും തന്നെ കുഴഞ്ഞുവീണു മരിക്കും. വിശ്രമമില്ലാതെ ഇണചേരുന്നതു മൂലമുള്ള കടുത്ത ക്ഷീണവും ആഘാതവുമാണ് ഇവയ്ക്ക് മരണകാരണമാകുന്നത്.

ഇണചേരൽ കാലത്ത് ഇവയുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ, സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ എന്നിവ ഉയർന്ന അളവിൽ ഉൽപാദിപ്പിക്കപ്പെടാറുണ്ട്. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കോർട്ടിസോളിനെ നിയന്ത്രിക്കുന്നതിൽ നിന്ന് ഇവയുടെ ശരീരത്തെ തടയുന്നു. അപൂർവമായി ചില ആൺ ആൻടെക്കിനസുകൾ മരണത്തെ അതിജീവിക്കാറുണ്ട്.

ഇണചേരൽകാലം കഴിയുമ്പോൾ ആൺ ആൻടെക്കിനസുകളുടെ കൂട്ടമരണം നടക്കുമെന്നു പറഞ്ഞല്ലോ. ഇവയുടെ ജീവനില്ലാത്ത ശരീരങ്ങൾ പെൺ ആൻടെക്കിനസുകൾ ഭക്ഷണമാക്കാറാണ് പതിവ്.

English Summary:

Antechinus: The Australian Animal With a Fatal Attraction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com