ബൈബിളിൽ പരാമർശിച്ച മരം? 1000 വർഷം പഴക്കമുള്ള വിത്തിൽ നിന്ന് മരംവളർത്തി ശാസ്ത്രജ്ഞർ
Mail This Article
ജൂഡിയൻ മരുഭൂമിയിൽ കണ്ടെത്തിയ ആയിരം വർഷം പഴക്കമുള്ള വിത്തിൽ നിന്ന് മരം വളർത്തിയെടുത്ത് ശാസ്ത്രജ്ഞർ. ബൈബിളിൽ പരാമർശിച്ചിട്ടുള്ളതും ഇപ്പോഴില്ലാത്തതുമായ ഒരു മരമാണിതെന്ന് ശാസ്ത്രജ്ഞർ കരുതുന്നുണ്ട്. 1980ൽ ഒരു ഗുഹയിൽനിന്നാണ് ഈ മരത്തിന്റെ വിത്ത് കണ്ടെത്തിയത്. പിന്നീട് 2010ൽ ഈ വിത്ത് ശാസ്ത്രജ്ഞർ നട്ടു.
14 വർഷങ്ങൾ കൊണ്ടാണ് ഈ മരം വളർത്തിയെടുത്തത്. ഷെബ എന്ന് പേരുള്ള ഈ മരം ഇന്ന് പത്തടി പൊക്കത്തിലാണ് നിലകൊള്ളുന്നത്. ഇതിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. ഡിഎൻഎ പരിശോധന, രാസ, റേഡിയോകാർബൺ പരിശോധനകൾ എന്നിവയും ശാസ്ത്രജ്ഞർ മരത്തിൽ ചെയ്തു. ഈ മരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനം കമ്യൂണിക്കേഷൻസ് ബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
എഡി 993 മുതൽ 1202 വരെയുള്ള കാലയളവിലേതാണ് ഈ വിത്തെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇന്നത്തെ ലെവാന്റ് മേഖലയുടെ തെക്കൻ പ്രദേശത്തു നിലകൊണ്ടിരുന്ന മരങ്ങളിൽ നിന്നാകണം വിത്ത് ഇവിടെ വീണത്. ബൈബിളിൽ പരാമർശിച്ചിട്ടുള്ള ഔഷധശക്തിയുള്ള കുഴമ്പിന്റെ നിർമാണം ഒരു പക്ഷേ ഇതുപയോഗിച്ചായിരിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നുണ്ട്.
കൊമ്മിഫോറ എന്ന ജനുസ്സിലാണ് ഈ മരം ഉൾപ്പെടുന്നത്. ഈ ജനുസ്സിലുള്ള മറ്റു തരം മരങ്ങൾ ആഫ്രിക്കയിലും മറ്റു ചില രാജ്യങ്ങളിലും കാണപ്പെടാറുണ്ട്.