ഇവൻ ദേഷ്യക്കാരൻ! പുതിയ ഇനം മത്സ്യത്തെ ചെങ്കടലിൽ കണ്ടെത്തി
Mail This Article
ചെങ്കടലിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. സൗദി അറേബ്യയുടെ ഫർസാൻ തീരത്തിനു സമീപം ചെങ്കടലിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. പവിഴപ്പുറ്റുകളുള്ള മേഖലയാണ് ഇത്. ജലോപരിതലത്തിൽ നിന്ന് 174 അടി മുതൽ 33 അടി താഴ്ച വരെയുള്ള മേഖലയിലാണ് ഈ മത്സ്യം ജീവിക്കുന്നത്. ഗ്രംപി ഡ്വാർഫ്‌ഗോബി എന്നാണ് ഈ മത്സ്യത്തിന് പേര് നൽകിയിരിക്കുന്നത്. സുവിയോട്ട ഏഥൺ എന്ന പേരും ഇതിനുണ്ട്. തുവാൽ മേഖലയിൽ നിന്നും ഈ മത്സ്യത്തെ കണ്ടുകിട്ടിയിട്ടുണ്ട്.
രണ്ടു സെന്റിമീറ്ററിൽ താഴെയാണ് ഗ്രംപിയുടെ നീളം. എന്നാൽ വലിയ പല്ലുകളുള്ള വായ ഇതിന് ഒരു ദേഷ്യക്കാരന്റെ പരിവേഷം നൽകുന്നുണ്ട്. കടുത്ത ചുവന്ന നിറത്തിലാണ് അധികം മീനുകളും കാണപ്പെടുന്നതെങ്കിലും മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്. കൃഷ്ണമണികൾക്കു ചുറ്റും സ്വർണ നിറത്തിലുള്ള വലയങ്ങളും ഈ മീനുകൾക്കുണ്ട്.
തങ്ങൾ ജീവിക്കുന്ന പരിതസ്ഥിതിയായ പവിഴപ്പുറ്റുകളുമായി ഇണങ്ങിച്ചേരാൻ ഈ വ്യത്യസ്തമായ ശരീരനിറം ഇവയെ അനുവദിക്കുന്നു. അവയുടെ മൂർച്ചയേറിയ പല്ലുകൾക്ക് ഇരകളെ പിടിക്കാനുള്ള ശേഷിയുമുണ്ട്. സൗദിയിലെ കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, യുഎസിലെ വാഷിങ്ടൻ സർവകലാശാല എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ.
ഫിയറി ഡ്വാർഫ്‌ഗോബി എന്നൊരു മീനിനെ നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിയാവുന്നതാണ്. ചെങ്കടലിലെ മീനിനെ ആദ്യം കണ്ടെത്തിയപ്പോൾ അത് ഫിയറി ഡ്വാർഫ്‌ഗോബിയാണെന്നാണ് ശാസ്ത്രജ്ഞർ വിചാരിച്ചത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിലാണ് ഇതു വ്യത്യസ്തമായ ഒരു പുതിയ സ്പീഷീസാണെന്ന് അവർ തിരിച്ചറിഞ്ഞത്.