‘കുറി തൊടുന്നതിനു പണം ഈടാക്കുന്നത് അംഗീകരിക്കില്ല; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല’
Mail This Article
കൊച്ചി ∙ ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിക്കെതിരെ എരുമേലി സ്വദേശി മനോജ് എസ്.നായർ ഉൾപ്പെടയുള്ളവർ നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത് കുമാർ എന്നിവരുടെ പരാമർശം. എന്നാൽ ഭക്തരെ ആരും ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു.
എരുമേലിയിൽ പേട്ടതുള്ളൽ കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തരിൽനിന്നും സിന്ദൂരവും ചന്ദനവും തൊടാൻ 10 രൂപ വീതം ഈടാക്കാനായിരുന്നു ദേവസ്വം ബോർഡ് തീരുമാനം. ഇതനുസരിച്ച് കരാർ നൽകുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് ഹർജി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ചന്ദനവും മറ്റും ഭക്തർക്ക് നൽകുന്നത് സൗജന്യമായാണ്. ഇതിനു പണം ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് മതസ്വാതന്ത്ര്യത്തെ ലംഘിക്കലാണ്. ഈ സാഹചര്യത്തിൽ കുറി തൊടാൻ പണം വാങ്ങുന്നതിനു കരാർ നൽകിയ ദേവസ്വം ബോർഡ് നടപടി റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് കേസ് പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോർഡ് നടപടിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഭക്തരെ ചൂഷണം ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കടം വാങ്ങിയും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരുമുണ്ട്. അവരുടെയൊക്കെ കൈയിൽനിന്നും പണം വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ആരെയും നിർബന്ധിച്ച് പണം വാങ്ങുന്നില്ലെന്നും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും ദേവസ്വം ബോർഡ് പറഞ്ഞു. ക്ഷേത്രത്തിനകത്തല്ല കുറി തൊടുന്നതിനു പണം വാങ്ങുന്നത്. പുറത്തു ഭക്തരെ ചൂഷണം ചെയ്യുന്ന വ്യക്തികൾ ഉണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇതിനായി കരാർ നൽകിയതെന്നും ബോർഡ് വാദിച്ചു. കുറി തൊടുന്നതിനു പണം വാങ്ങുന്ന ദൃശ്യങ്ങളും ദേവസ്വം ബോർഡ് ഹാജരാക്കിയിരുന്നു. തുടർന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയാരെന്ന് അന്വേഷിച്ച് വിവരങ്ങൾ കൈമാറാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.