ദിസനായകെയെ കണ്ട് ജയശങ്കർ; ഇന്ത്യയിലേക്ക് ക്ഷണം
Mail This Article
കൊളംബോ ∙ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലെത്തിയ വിദേശകാര്യ മന്ത്രി ഔദ്യോഗിക വസതിയിലെത്തിയാണ് ദിസ്സനായകയെ കണ്ടത്. പ്രധാനമന്ത്രി ഹരിനി അമരസൂര്യയുമായും ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. ഭരണമാറ്റത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യ ശ്രീലങ്കയിലെത്തുന്നത്.
ശ്രീലങ്കയുടെ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പുതിയ ഉത്തരവാദിത്തത്തിൽ ആശംസകൾ അറിയിച്ചതായി ജയ‌്ശങ്കർ എക്സിൽ അറിയിച്ചു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലങ്കൻ ഭരണ നേതൃത്വവുമായി ചർച്ച ചെയ്തെന്നും ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ സഹകരിച്ചു മുന്നോട്ടുപോകാൻ ധാരണയായതായും ജയ‌്ശങ്കർ പറഞ്ഞു.
ദിസ്സനായകെയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളിലൂടെ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുന്ന വികസന സഹായം തുടരുമെന്ന് ജയശങ്കർ ഉറപ്പു നൽകിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.