‘പിണറായി രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണം, മറുപടി പറയാൻ കെൽപില്ലാത്ത വിധം സിപിഎം തകർന്നടിഞ്ഞു’
Mail This Article
കൊച്ചി ∙ സംസ്ഥാനം ഇതുവരെ കാണാത്ത വിധത്തിലുള്ള കൊള്ളയും അഴിമതിയും സ്വർണക്കടത്തും ഹവാല ഇടപാടുകളുമാണ് കഴിഞ്ഞ എട്ട് വർഷമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫിസും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഇതിനു നേതൃത്വം നൽകുന്നതായി ഭരണമുന്നണിയിലെ എംഎൽഎ തന്നെ തെളിവുകളുമായി മുന്നിലേക്ക് വന്നിട്ടും അതിനൊന്നും മറുപടി പറയാതെ പരാതി ഉന്നയിച്ച എംഎൽഎ കൊള്ളക്കാരനും സ്വർണക്കടത്തുകാരനുമാണെന്നു വിശേഷിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണറായി വിജയന് അധികാരത്തിൽ തുടരാൻ രാഷ്ട്രീയമായും ധാർമ്മികവുമായ അവകാശം നഷ്ടമായിരിക്കുന്നു. അദ്ദേഹം എത്രയും വേഗം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോൾ പിആർ ഏജൻസിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തെ കബളിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ കുത്സിത ശ്രമമായിരുന്നു അത്. പിറ്റേന്ന് മാറ്റി പറയാനും മുഖ്യമന്ത്രി തയാറായി. പിണറായി വിജയൻ വ്യാജ നിർമിതിയുടെ ആൾരൂപമായി മാറി കഴിഞ്ഞെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ആരോപണത്തിന് മറുപടി പറയാൻ കെൽപില്ലാത്ത വിധം സിപിഎം തകർന്നടിഞ്ഞു. ഇടതു പാർട്ടി എന്നു പറഞ്ഞ് വീമ്പിളക്കുന്ന സിപിഐക്ക് ഇടതുമുന്നണിയിൽ യാതൊരു വിലയും ഇല്ലാതായി. അവരുടെ ഒരാവശ്യം പോലും അംഗീകരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഏജന്റായി മാറി കഴിഞ്ഞു. പിണറായി മന്ത്രിസഭയിലെ ഒരംഗത്തെ പോലെയാണ് വി.ഡി. സതീശൻ പെരുമാറുന്നത്. സതീശനെതിരായ പുനർജനി ഉൾപ്പടെയുള്ള അഴിമതിയാരോപണങ്ങളിൽ അദ്ദേഹത്തെ ഒന്നു ചോദ്യം ചെയ്യാൻ പോലും പിണറായിയുടെ പൊലീസ് തയാറായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.