നാലു ദിവസം, നേതാക്കളുൾപ്പെടെ ഹിസ്ബുല്ലയുടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്രയേൽ
Mail This Article
ടെൽഅവീവ്∙ നാലു ദിവസത്തിനിടെ നേതാക്കളുൾപ്പെടെ 250 ഹിസ്ബുല്ല സായുധസേനാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം. അഞ്ച് ബറ്റാലിയൻ കമാൻഡർമാരെയും പത്ത് കമ്പനി കമാന്‍ഡർമാരെയും ആറ് പ്ലാറ്റൂൺ കമാന്‍ഡർമാരെയും വധിച്ചതായി സൈന്യം വ്യക്തമാക്കി. രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും തകർത്തു.
ഹിസ്ബുല്ല നേതാവ് മുഹമ്മദ് റാഷിദ് സഖാഫിയെ കഴിഞ്ഞ ദിവസം വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് റാഷിദ് സഖാഫിയെ വധിച്ചത്. 2000 മുതൽ ഹിസ്ബുല്ലയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേധാവിയാണ്.
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ കഴിഞ്ഞ മാസം അവസാനം കൊലപ്പെടുത്തിയിരുന്നു. തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസൻ നസ്റല്ല. വെള്ളിയാഴ്ച രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.