ADVERTISEMENT

കൊച്ചി ∙ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന നാദാപുരം തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ മുസ്‍ലീം ലീഗ് പ്രവർത്തകർ ഉൾപ്പെടെ എട്ടു പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഹൈക്കോടതി ഇന്നു വിധി പറഞ്ഞത്. കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാർ. ഇവർ ഈ മാസം 15ന് കോടതിയിൽ ഹാജരാകണം, അന്നായിരിക്കും ശിക്ഷ വിധിക്കുക എന്നും ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, സി.പ്രദീപ് കുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കോടഞ്ചേരി തൂണേരി അംശം മീത്തലെ പുനച്ചിക്കണ്ടി തെയ്യമ്പാടി വീട്ടിൽ‍ ഇസ്മയിൽ, രണ്ടാം പ്രതി സഹോദരൻ മുനീർ, മൂന്നാം പ്രതി തൂണേരി അംശം താഴേക്കുനിയിൽ അസ്‍ലാം, നാലാം പ്രതി തൂണേരി അംശം വാറങ്കി താഴേക്കുനി വീട്ടിൽ സിദ്ദിഖ്, അഞ്ചാം പ്രതി തൂണേരി അംശം മണിയന്റവിട വീട്ടിൽ മുഹമ്മദ് അനീസ്, ആറാം പ്രതി തൂണേരി അംശം കളമുളത്തിൽ കുന്നി വീട്ടിൽ ഷുൈബബ്, 15–ാം പ്രതി തൂണേരി അംശം കൊഞ്ചന്റവിട വീട്ടിൽ ജാസിം, 16–ാം പ്രതി തൂണേരി അംശം കടയംകൊട്ടുമ്മൽ വീട്ടിൽ സമദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇതിൽ മൂന്നാം പ്രതിയായിരുന്ന കാളിയറമ്പത്ത് താഴേക്കുനിയിൽ വീട്ടിൽ അസ്‌ലാം 2016 ഓഗസ്റ്റ് മാസത്തിൽ കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവർത്തകരാണ് ഈ കേസിൽ അറസ്റ്റിലായത്.

കേസിൽ 7 മുതൽ 14 വരെ പ്രതികളായ മടത്തിൽ വീട്ടിൽ മടത്തിൽ ഷുഹൈബ്, മൊട്ടെമ്മൽ വീട്ടിൽ നാസർ, ചക്കോടത്തിൽ വീട്ടിൽ മുസ്തഫ, ഇടാടിയൽ വീട്ടിൽ ഫസൽ, കണിയാണ്ടിപ്പാലം റാമത്ത് വീട്ടിൽ യൂനസ്, നാദാപുരം അംശം കല്ലെരിന്റവിട വീട്ടിൽ ഷഫീഖ്, വെള്ളായിക്കോട് മഞ്ചപ്പറമ്മൽ വീട്ടിൽ ഇബ്രാഹിംകുട്ടി, വെണ്ണിയോട് ദേശം വൈസിയാൻ വീട്ടിൽ സൂപ്പി മുസ്‍ലിയാർ, 17–ാം പ്രതി വാണിമേൽ അംശം പൂവുള്ളത്തിൽ വീട്ടിൽ‌ അഹമ്മദ് ഹാജി തുടങ്ങിയവരെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.

2015 ജനുവരി 22നായിരുന്നു ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ–സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ 6 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എന്നാൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വ്യക്തമാക്കി എരഞ്ഞിപ്പാലം സ്പെഷല്‍ അ‍‍ഡീഷനല്‍ സെഷന്‍സ് കോടതി 17 പ്രതികളെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സർക്കാരും ഷിബിന്റെ പിതാവ് ഭാസ്കരൻ, ആക്രമണത്തിൽ പരിക്കേറ്റവർ തുടങ്ങിയവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിശോധിക്കാതെയും പരിഗണിക്കാതെയുമുള്ളതാണ് വിചാരണക്കോടതിയുടെ ഉത്തരവ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. 1 മുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ പോകാനും സഹായിച്ചവരാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

English Summary:

High Court Reverses Acquittal, Finds Six Guilty in Thooneri Shibin Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com