ADVERTISEMENT

ന്യൂഡൽഹി ∙ പട്ടികജാതി (എസ്‌സി) വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്കു സംവരണത്തിന്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപസംവരണം ആകാമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധിയിൽ അപാകതയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച 10 ഹർജികൾ കോടതി തള്ളി. ഓഗസ്റ്റ് ഒന്നിനാണ് സംവരണം സംബന്ധിച്ച സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഭൂരിപക്ഷ വിധിയിലൂടെ ഉപസംവരണം ആകാമെന്ന് വ്യക്തമാക്കിയത്. ഉപവർഗീകരണം സാധ്യമല്ലെന്നും പട്ടികജാതി ലിസ്റ്റ് തയാറാക്കേണ്ടത് ഭരണഘടനയുടെ 341–ാം വകുപ്പുപ്രകാരം രാഷ്ട്രപതിയുടെ അധികാരമാണെന്നുമുള്ള 2004 ലെ വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരും തമ്മിലുള്ള കേസ്) റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രധാന വിധി.

ഉപവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ശാസ്ത്രീയവും കൃത്യവുമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ സാധൂകരിക്കാൻ സർക്കാരിനു കഴിയണമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തീരുമാനം തോന്നുംപടിയോ രാഷ്ട്രീയ താൽപര്യങ്ങളാലോ ആകരുത്. ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവൻ സംവരണവും അനുവദിക്കാൻ കഴിയില്ല. തീരുമാനം കോടതിയുടെ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഏഴംഗ ബെഞ്ചിലെ ജസ്റ്റിസ് ബേല എം. ത്രിവേദി മാത്രമാണ് ഭിന്നവിധിയെഴുതിയത്. ഇതുൾപ്പെടെ ആകെ 6 വിധിന്യായങ്ങളാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ചത്.

English Summary:

Supreme Court will not review judgment of Scheduled Caste categories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com