അൻവറിനെ ഇറക്കിയത് ലീഗ് വോട്ട് ബാങ്ക് പിളർത്താനോ? ലക്ഷ്യം ഉവൈസി മോഡൽ; പിന്നിൽ സിപിഎം തന്ത്രം?
Mail This Article
കോട്ടയം∙ എഡിജിപി – ആർഎസ്എസ് വിവാദവും തൃശൂർ പൂരം കലക്കലും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദവുമായി കേരള രാഷ്ട്രീയം മുന്നോട്ടു പോകുന്നതിനിടെ പി.വി.അൻവറിന്റെ നീക്കത്തിൽ പകച്ച് നിൽക്കുകയാണ് രാഷ്ട്രീയ കേരളം. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് അൻവറിന്റെ നീക്കം ആദ്യഘട്ടത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നെങ്കിലും ശരിക്കും പ്രതിരോധത്തിലായത് മുസ്‌ലിം ലീഗാണെന്നാണു പുറത്തുവരുന്ന സൂചനകൾ. നിലമ്പൂരും കോഴിക്കോടും അൻവർ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനു ലീഗ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തതോടെ, അൻവറിന്റെ നീക്കം മലപ്പുറത്ത്, പ്രത്യേകിച്ച് തെക്കൻ മലബാറിൽ ലീഗിന്റെ വോട്ട് ബാങ്ക് പിളർത്തുമോയെന്ന ചോദ്യം ഉയരുന്നു.
മുൻപ് സിപിഎം സ്വതന്ത്രരെ ഉപയോഗിച്ച് ലീഗിന്റെ വോട്ട് ബാങ്ക് പിളർത്താൻ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും വലിയ തോതിൽ വിജയം കണ്ടിരുന്നില്ല. ഇതോടെയാണ് ‘ഉവൈസി മോഡൽ’ പരീക്ഷണത്തിന് അൻവറിനെ ഇപ്പോൾ സിപിഎം നിയോഗിച്ചിരിക്കുന്നതെന്നും ലീഗ് കരുതുന്നു. യുപിയിൽ ഉവൈസിയുടെ പാർട്ടിയെ ഉപയോഗപ്പെടുത്തി സമാജ്‌വാദി പാർട്ടിയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തിയത് പോലെ, അൻവർ രൂപീകരിച്ചേക്കാവുന്ന പാർട്ടി ലീഗിന്റെ ‘പൊന്നാപുരം കോട്ട’യിൽ വിള്ളൽ വീഴ്ത്തിയേക്കാം. അൻവറിന്റെ ഈ നീക്കം സിപിഎം അറിഞ്ഞുകൊണ്ടാണെന്ന വാദത്തെ ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ശരിവയ്ക്കുന്നുമുണ്ട്.
ഐഎൻഎല്ലിനോ മറ്റു ഇടതു സ്വതന്ത്രർക്കോ സാധിക്കാത്ത ലക്ഷ്യം അൻവറിനു സാധിക്കുക വഴി, ഭാവിയിൽ മുസ്‌ലിം ലീഗിനെ അശക്തരാക്കി എൽഡിഎഫിൽ എത്തിക്കുകയെന്ന തന്ത്രം സിപിഎമ്മിന് ഇതുവഴി നടപ്പാക്കാം. താരതമ്യേന വിലപേശൽ ശക്തികുറഞ്ഞ ലീഗിനെ എൽഡിഎഫിന്റെ ഭാഗമാക്കുകയെന്നതായിരിക്കാം സിപിഎം ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടു. മുസ്‌ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുല്ലയും പങ്കെടുത്തു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.എ.എം.മുഹമ്മദ് അബൂബക്കർ തയാറായില്ല. അൻവറിന്റെ മകൻ സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവരുന്നു.
ഇതിന്റെ മറുവശം കൂടി ഇതോടൊപ്പം പരിശോധിക്കേണ്ടതുണ്ട്. മലബാറിലെ മുസ്‌ലിം, ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിൽ നിന്നകലുന്നത് വഴി, തിരുവിതാംകൂറിൽ നഷ്ടപ്പെട്ട മുസ്‌ലിം ഇതര ഒബിസി വോട്ടുകൾ തങ്ങൾക്കു ലഭിക്കുമെന്നും സിപിഎം ഇതുവഴി കണക്കുകൂട്ടുന്നുണ്ട്. ആലപ്പുഴയിലും കൊല്ലത്തും നഷ്ടപ്പെട്ട ഈഴവ വോട്ടുകൾ, പ്രത്യേകിച്ച് 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു പോയ വോട്ടുകൾ ഈ മറുതന്ത്രത്തിലൂടെ സിപിഎമ്മിലേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൂട്ടൽ. 2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ‘അൻവർ ഇഫക്ട്’ നടപ്പാകുകയാണെങ്കിൽ തങ്ങൾ കരുതുന്നിടത്ത് ലീഗിനെ വരുതിയിലാക്കാൻ സാധിക്കുമെന്നും സിപിഎം കണക്കൂകൂട്ടുന്നു. രാഷ്ട്രീയം അവസരങ്ങളുടെ കലയായി മാറുമ്പോൾ കേരളരാഷ്ട്രീത്തിൽ വരും നാളുകളിൽ എന്തുമാറ്റമായിരിക്കും സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം.