ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. പൂരം കലക്കല്‍, ആര്‍എസ്എസ് കൂടിക്കാഴ്ച എന്നിവയില്‍ എഡിജിപിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് എന്നാണ് സൂചന. അജിത് കുമാറിനെ മാറ്റുന്നതിൽ‌ റിപ്പോർട്ട് നിർണായകമാകും.

റിദാൻ വധം, മാമി തിരോധാന കേസുകളിൽ എഡിജിപിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും. അജിത് കുമാറിന്റെ ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. സ്വകാര്യ സന്ദർശനമെന്നാണ് എഡിജിപിയുടെ മൊഴി. രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ കാണാറുണ്ടെന്നും എഡ‍ിജിപി മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ വിശദ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ അജിത്തിനെതിരായ നടപടി വൈകാതെ ഉണ്ടായേക്കും. പി.വി.അന്‍വര്‍ ഉന്നയിച്ച പരാതിയില്‍ എഡിജിപിക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയിരുന്ന നിര്‍ദേശം.  അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണങ്ങളുടെ പേരില്‍ എഡിജിപിക്കെതിരെ നടപടിയെടുത്തുവെന്നു വരരുതെന്ന നിര്‍ബന്ധം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിര്‍ണായകം.  

ഓഗസ്റ്റ് അവസാനം പത്തനംതിട്ട എസ്പിയായിരുന്ന എസ്. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പി.വി.അന്‍വര്‍ പുറത്തുവിട്ടതോടെയാണ് എഡിജപി എം.ആര്‍.അജിത് കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സുജിത് ദാസിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനാല്‍ അജിത് കുമാര്‍ പൊലീസില്‍ സര്‍വശക്തനാണെന്നും ഐജി പി.വിജയനെ തകര്‍ത്തത് അജിത് കുമാറാണെന്നും സുജിത് ദാസ് പറഞ്ഞു. എഡിജിപിയുടെ ഭാര്യാസഹോദരന്മാര്‍ക്ക് എന്താണു ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുന്നത് കേരളം കേട്ടു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ച ഓണ്‍ലൈന്‍ ചാനല്‍ ഉടമയ്ക്കു പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് അജിത്കുമാറാണെന്ന് അന്‍വറും ആരോപിച്ചു.

English Summary:

DGP Report on ADGP MR Ajith Kumar Submitted to Home Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com