ഹരിയാന ഉഴുതുമറിക്കുമോ കോൺഗ്രസ് ? എക്സിറ്റ് പോളുകളിൽ പ്രതീക്ഷ; ഫയൽവാന്മാരുടെ അഭിമാനക്ഷതവും തുണയായി
Mail This Article
ന്യൂഡൽഹി ∙ ഹരിയാന ഉഴുതു മറിക്കാനിറങ്ങിയ കോൺഗ്രസിന് ഊർജം പകർന്ന് എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പുറത്തുവന്നതോടെ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമായ ഭൂരിപക്ഷം സംസ്ഥാനത്ത് കോൺഗ്രസിന് പ്രവചിക്കുന്നു. കോൺഗ്രസിന് അനുകൂലമായ കാറ്റ് സംസ്ഥാനത്തുണ്ടെന്നതിൽ നേതാക്കൾക്ക് നേരത്തെ സംശയമുണ്ടായിരുന്നില്ല. അത് മുതലാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10–ൽ 5 സീറ്റ് ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് ക്യാംപ് പൂർണമായും പ്രശ്നരഹിതമായിരുന്നില്ല. ഭൂപീന്ദർ ഹൂഡ പക്ഷവും ദലിത് നേതാവായ കുമാരി സെൽജ നേതൃത്വം നൽകുന്ന വിഭാഗവും തമ്മിലുള്ള ചേരിപ്പോര്, ദലിത് പാർട്ടികളെ ഒപ്പം നിർത്തി ജെജെപി, ഐഎൻഎൽഡി തുടങ്ങിയ പാർട്ടികൾ നടത്തുന്ന പുതുപരീക്ഷണം, ആംആദ്മി പാർട്ടി സ്ഥാനാർഥികൾ പിടിക്കുന്ന വോട്ട് തുടങ്ങിയവ കോൺഗ്രസിന് വെല്ലുവിളി തീർത്തിരുന്നു. ഒടുവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ എഎപി സംസ്ഥാനത്ത് സീറ്റുകളൊന്നും നേടില്ലെന്നാണ് പ്രവചനം.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒടുവിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നടത്തിയ യാത്രകൾ സംഘടനാപരിമിതികൾ മറികടക്കാൻ കോൺഗ്രസിനെ സഹായിച്ചു എന്നാണ് എക്സിറ്റ് പോളുകൾ പ്രവചനം വിലയരുത്തുന്നതു വഴി മനസിലാക്കേണ്ടത്. പാർട്ടിക്ക് സാധ്യത കുറഞ്ഞ സീറ്റിലെങ്കിലും സൂപ്പർ ഗുസ്തിതാരം വിനേഷ് ഫോഗട്ട് മത്സരിക്കാനിറങ്ങിയതും വോട്ടർമാർക്കിടയിൽ കോൺഗ്രസിന്റെ പ്രീതി വർധിപ്പിച്ചു.
കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖമുദ്രയായ ആത്മവിശ്വാസം ഹരിയാനയിൽ ഇത്തവണ പ്രകടമായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത വെല്ലുവിളിക്കു പുറമേ, സംസ്ഥാനത്തെ ഭരണവിരുദ്ധത കൂടി ബിജെപി നേരിട്ടു. സ്ഥാനാർഥി നിർണയത്തിലും അതു പ്രകടമായി. 2 മന്ത്രിമാരുൾപ്പെടെ പല എംഎൽഎമാർക്കും സീറ്റ് നഷ്ടമായി. ആദ്യമിറക്കിയ പത്രിക പിൻവലിക്കേണ്ടി വന്നതും ബിജെപിക്കു ക്ഷീണമായി. പതിവു പോലെ ജാട്ടിതര വോട്ടിലായിരുന്നു കണ്ണ്. ഒബിസി, ബ്രാഹ്മണ, പഞ്ചാബി സ്ഥാനാർഥികളെ ഇറക്കിയുള്ള മത്സരത്തിൽ അതു പ്രകടമായിരുന്നു. വിമതരെ പിൻവലിക്കാനുള്ള നീക്കം ഭാഗികമായി വിജയിച്ചെങ്കിലും ഭീഷണി വോട്ടെടുപ്പിലുണ്ടായി.
എക്സിറ്റ് പോളുകൾ സത്യമായാൽ കാർഷിക വിഷയങ്ങൾക്കു പുറമെ അഗ്നിപഥ് പദ്ധതി ഫയൽവാന്മാരുടെ അഭിമാനക്ഷതം ഇവയെല്ലാം വോട്ടെടുപ്പിൽ കോൺഗ്രസിനു അനുകൂലമായി എന്നുവേണം കരുതേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും 10 വർഷമായി അധികാരം കയ്യാളുന്ന ബിജെപിയെ ഈ വിഷയങ്ങൾ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണവിരുദ്ധത അതിന്റെ പാരമ്യത്തിൽ നിൽക്കെ നരേന്ദ്ര മോദിയുടെ പ്രതിഛായ, ജാട്ടിതര വോട്ട്, ദേശീയത എന്നിങ്ങനെ പതിവു വിഷയങ്ങളിൽ ഊന്നി വോട്ടുതേടിയ ബിജെപിക്ക് തിരഞ്ഞെടുപ്പ് തിരിച്ചടിയായി എന്നാണ് എക്സിറ്റ് പോളുകളിൽ നിന്നും മനസിലാക്കേണ്ടത്.