കയ്യിൽനിന്നു പണം വാങ്ങും, ഗൂഗിൾ പേ ചെയ്തെന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിക്കും; യുവാവ് യുവതിയും പിടിയിൽ
Mail This Article
കോഴിക്കോട് ∙ എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്. കവർച്ച, ലഹരിമരുന്ന് ഉപയോഗം, വഞ്ചന, പോക്സോ തുടങ്ങിയ വകുപ്പുകളിൽ പത്തോളം കേസുകള്‍ ഇയാൾക്കെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി കോഴിക്കോട് കെഎസ്ആർടിസിക്ക് സമീപത്തെ എടിഎം കൗണ്ടറിൽ പണം സ്വീകരിക്കാൻ എത്തിയ യുവാവിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. യുവാവും പെൺകുട്ടിയും കുറച്ചു ദിവസങ്ങളായി നഗരത്തിൽ പല എടിഎം കൗണ്ടറുകൾക്ക് മുൻപിൽ നിന്നും, ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാമെന്ന് പറഞ്ഞു വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ മാനാഞ്ചിറയിൽ വച്ച് ഒരു സ്ത്രീയിൽ നിന്ന് 3,000 രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് കസബ പൊലീസിന് കൈമാറി. വിവിധ സംഖ്യകൾ അടങ്ങിയ സന്ദേശങ്ങൾ നേരത്തെ മൊബൈൽ ഫോണിൽ സൂക്ഷിക്കും. ഇത് ഉയോഗിച്ചാണ് പണം അയച്ചതായി കാണിച്ച് പ്രതികൾ കബളിപ്പിക്കൽ നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.