ADVERTISEMENT

കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചു. സുരേന്ദ്രന്‍ ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിർദേശ പത്രിക പിൻവലിപ്പിച്ചതായാണു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു കേസ്. സുരേന്ദ്രനു പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.

ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിനായി മത്സരിച്ച സ്ഥാനാർഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസിൽ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നു. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran Acquitted in Manjeswaram Election Corruption Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com