പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് മുഖ്യമന്ത്രിക്ക്; ക്ലിഫ് ഹൗസിൽ തിരക്കിട്ട ചർച്ചകൾ: അജിത്കുമാറിനെതിരെ എന്ത് നടപടി?
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ക്ലിഫ് ഹൗസിൽ നിർണായക യോഗം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി െക.കെ.രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് മേധാവിയും ക്ലിഫ് ഹൗസിലെത്തും. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഓഫിസിൽ ഇന്നലെ രാത്രി എട്ടരയോടെ പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് എത്തിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്തിനെതിരായി ഇന്നു നടപടി ഉണ്ടായേക്കും.
അതേസമയം, മുഖ്യമന്ത്രി ഓഫിസിൽ പഴ്സനൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫിസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണെന്ന് ഓഫിസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ.അജിത്കുമാർ നൽകിയ വിശദീകരണം തള്ളിയാണ് ഡിജിപി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്. പി.വി.അൻവർ എംഎൽഎ ആരോപണമുന്നയിച്ച മാമി തിരോധാനം, റിദാൻ കൊലപാതകം എന്നിവയിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തലുണ്ട്. കേരളത്തിൽ പ്രധാന ആർഎസ്എസ് നേതാക്കൾ വരുമ്പോൾ താൻ കാണാറുണ്ടെന്നായിരുന്നു അജിത്കുമാർ മുൻപ് നൽകിയ വിശദീകരണം. അജിത്തിന്റെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥനു ചേർന്നതല്ലെന്ന അഭിപ്രായം റിപ്പോർട്ടിൽ ഡിജിപി ചേർത്തിട്ടുണ്ടെന്നാണു വിവരം.
തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ചും അജിത്കുമാറിനെതിരെ റിപ്പോർട്ടിൽ പ്രതികൂല പരാമർശമുണ്ട്. അജിത്തിനെതിരെ കടുത്ത നടപടിയാണു തൃശൂർ പൂരം വിഷയത്തിൽ പ്രതിഷേധമുയർത്തിയ സിപിഐ പ്രതീക്ഷിക്കുന്നത്. അൻവർ ഉന്നയിച്ച 9 ആരോപണങ്ങളും ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച 2 പരാതികളുമാണു ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചത്.