ADVERTISEMENT

തിരുവനന്തപുരം ∙ രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു പ്രതിപക്ഷത്തിന്റേത്. ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനു മുൻപ് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതു ശരിയായ നടപടിയല്ലെന്നും സ്പീക്കർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കർ പറയുന്നതെന്ന് വി.ഡി.സതീശൻ ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.

പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടിസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയും മന്ത്രിമാരും സഭയിൽ നേരിട്ടു മറുപടി നൽകണം. ഇത് ഒഴിവാക്കാനാണു നടപടിയെന്നാണു പ്രതിപക്ഷ ആരോപണം.

നിയമസഭാ സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, കൊമ്പുകോർക്കാനുറച്ചാണ് ഭരണ – പ്രതിപക്ഷ കക്ഷികളുടെ നടപടികൾ. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശം, പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും മുഖ്യമന്ത്രിയിൽനിന്നു മറുപടി തേടാനുമാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

English Summary:

Kerala Assembly Session- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com