കശ്മീരിൽ അക്കൗണ്ട് തുറന്ന് എഎപി; ഭരണമുറപ്പിച്ച് ഇന്ത്യാസഖ്യം: ഒമർ അബ്ദുല്ല മുഖ്യമന്ത്രിയായേക്കും
Mail This Article
ന്യൂഡൽഹി∙ ഹരിയാനയിൽ ഹാട്രിക് വിജയമുറപ്പിച്ച് ബിജെപി. 90 സീറ്റിൽ 50 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 34 സീറ്റിലാണ് മുന്നിലുള്ളത്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ ഇടിയുകയായിരുന്നു.
ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു. എൻസിയുടെ കൈപിടിച്ച് ഇന്ത്യ സഖ്യം വ്യക്തമായ ലീഡാണ് കശ്മീരിൽ നേടിയത്. നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 29 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 6 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
കശ്മീരിലും ഹരിയാനയിലും നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8നാണ് തുടങ്ങിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ജമ്മുകശ്മീരില്‍ തൂക്ക് സഭയാണെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം പുറത്തുവരുന്നത്.
രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് മുന്നേറ്റമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പിഡിപിയെ നാഷനല്‍ കോണ്‍ഫറന്‍സ് ക്ഷണിച്ചത് ശ്രദ്ധേയമാണ്. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്. ഗവർണറുടെ സവിശേഷാധികാരവും നിർണായകമാകും.