ADVERTISEMENT

തൊണ്ണൂറാം മിനിറ്റ്– ഫുട്ബോളിൽ ഏറെ നെഞ്ചിടിപ്പുയർത്തുന്ന സമയം. അവസാനത്തെ മിനിറ്റിൽ ഗോളടിച്ചു ജയിച്ച എത്രയെത്ര മത്സരങ്ങൾ! തൊണ്ണൂറാം മിനിറ്റിന്റെ ആ നെഞ്ചിടിപ്പു സമ്മാനിച്ചുകൊണ്ടാണ് രണ്ടിടത്ത് നാളെ തിരഞ്ഞെടുപ്പു ഫലം വരുന്നത്; ഹരിയാനയിലും ജമ്മു കശ്മീരിലും. രണ്ടിടത്തും 90 മണ്ഡലങ്ങൾ വീതമായത് തികച്ചും സ്വാഭാവികം മാത്രം. പക്ഷേ ആ 90 ൽ, ആരായിരിക്കും വിജയത്തിന്റെ മാന്ത്രികസംഖ്യ തൊടുകയെന്നതിന്റെ നെഞ്ചിടിപ്പിലാണ് മുന്നണികൾ.

ഈ 90 സീറ്റുകൾ എന്നതൊഴികെ, രാഷ്ട്രീയസമവാക്യങ്ങളിലും സാമൂഹികാവസ്ഥയിലും മറ്റൊരു തരത്തിലുള്ള സാമ്യവും ജമ്മു കശ്മീരിനും ഹരിയാനയ്ക്കും പറയാനില്ല. എന്നാൽ രാജ്യം അവിടേക്ക് ഉറ്റുനോക്കാൻ കാരണങ്ങൾ ഏറെയാണ്. ഒരു ദശകത്തിനു ശേഷമാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി ചൂണ്ടുവിരലിൽ മഷി പുരട്ടിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു ഫലം കൂടിയാണ് ഒക്ടോബർ എട്ടിന് എത്തുക.

കഴിഞ്ഞ പത്തു വർഷം രാഷ്ട്രീയാവസ്ഥ തന്നെ ഏറെക്കുറെ അസ്ഥിരമായിരുന്ന കശ്മീർ താഴ്‍വര ജനാധിപത്യത്തിന്റെ മഹോത്സവത്തെ വരവേറ്റപ്പോൾ, കർഷക പ്രക്ഷോഭവും ഗുസ്തി താരങ്ങളുടെ സമരവുമാണ് ഹരിയാനയെ കലുഷിതമാക്കിയത്. ബിജെപിക്ക് ഹാട്രിക് സമ്മാനിക്കുമോ അതോ പത്തു വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് ഹരിയാനയിലേക്കും അതുവഴി ഉത്തരേന്ത്യയിലേക്കും തിരികെ വരാൻ കാത്തിരിക്കുന്ന കോൺഗ്രസിനെ ജനം പിന്തുണയ്ക്കുമോ എന്നതാണ് ഹരിയാന ഒരുക്കുന്ന ‘സർപ്രൈസ്’.തിരഞ്ഞെടുപ്പ് സമാധാനപരമായി പര്യവസാനിച്ചു. എക്സിറ്റ് പോളുകളും വന്നു. ഇനി എട്ടിന് ഫലം വരാനുള്ള കാത്തിരിപ്പാണ്.

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും ‘കണക്കുകൂട്ടലുകൾ’ എങ്ങനെയാണ്? ഗ്രാഫിക്സിലൂടെ മനസ്സിലാക്കാം.

∙ ജമ്മു കശ്മീർ

മൂന്നു ഘട്ടങ്ങളായാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. ആകെ 63.88% പോളിങ്. 2014ൽ 87 മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. മണ്ഡല പുനർനിർണയത്തിനു ശേഷം മൂന്നു മണ്ഡലങ്ങൾ കൂടി പട്ടികയിലേക്ക് ചേർന്നു. 2022 മേയിലാണ് പുനർനിർണയത്തിനു പിന്നാലെ മൂന്നു മണ്ഡലങ്ങൾ കൂടി ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന്റെ ഭാഗമായത്. ജമ്മു കശ്മീരിൽ നേരത്തേയുണ്ടായിരുന്ന 83 സീറ്റുകളുടെ കൂടെ (ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ വേർതിരിച്ചപ്പോൾ ലഡാക്കിലെ സീറ്റുകൾ നിയമസഭയുടെ ഭാഗമല്ലാതായി) ജമ്മുവിൽ പുതിയതായി ആറു സീറ്റുകളും കശ്മീരിൽ ഒരു സീറ്റും ഉൾപ്പെടുത്തിയാണ് 90 മണ്ഡലങ്ങളുണ്ടായത്. ഇതിൽ 47 എണ്ണം കശ്മീരിലും 43 ജമ്മു മേഖലയിലുമാണ്.

∙ ഒരു തിരിഞ്ഞുനോട്ടം

2014ൽ അഞ്ചു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. അന്ന് മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (ജെകെ പിഡിപി) 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 25 സീറ്റും നാഷനൽ കോൺഫറൻസിന് 15 സീറ്റും ലഭിച്ചപ്പോൾ കോൺഗ്രസ് 12 സീറ്റിലൊതുങ്ങി. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാൽ (44 സീറ്റ്) പിഡിപിയുമായി ചേർന്ന് ബിജെപി അവിടെ അധികാരത്തിലേറി. ആദ്യം മുഹമ്മദ് സയീദും അദ്ദേഹത്തിന്റെ കാലശേഷം മകൾ മെഹ്ബൂബ മുഫ്തിയും മുഖ്യമന്ത്രി പദം അലങ്കരിച്ചെങ്കിലും നയപരമായും രാഷ്ട്രീയപരമായും രണ്ടു ധ്രുവങ്ങളിൽനിന്ന പാർട്ടികൾ ചേർന്നുണ്ടായ സർക്കാരിന് അധികകാലം ആയുസ്സുണ്ടായില്ല.

2018ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സർക്കാർ തകരുകയും ഗവർണറുടെ കീഴിലേക്ക് അധികാരം വഴിമാറുകയും ചെയ്തു. പ്രത്യേക പദവി റദ്ദാക്കൽ, പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കൽ എന്നിവ ഉൾപ്പെടെ നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ജമ്മു കശ്മീർ സാക്ഷിയായെങ്കിലും ജനാധിപത്യ പ്രക്രിയയിൽ ഒരു തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് കാലങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്.

∙ തന്ത്രങ്ങളുടെ ‘95’

ഈ പത്തു വർഷത്തിൽ കശ്മീരിന്റേതു പോലെതന്നെ ഇന്ത്യയുടെയും രാഷ്ട്രീയ ചിത്രം ഏറെ മാറി. ആ രാഷ്ട്രീയ മാറ്റം ജനം ഏറ്റെടുത്തു എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ്– നാഷനൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യാസഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. അവസാന തിരഞ്ഞെടുപ്പു നടന്നപ്പോൾ സർക്കാരിനെ നയിച്ച പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്. കഴിഞ്ഞ തവണത്തേതു പോലെ ഒറ്റയ്ക്ക് ഒരു പാർട്ടിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. പിഡിപിയും ബിജെപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരം.

കേവല ഭൂരിപക്ഷം ആർക്കും പ്രവചിക്കാത്ത സാഹചര്യത്തിൽ കശ്മീരിൽ ജനവിധിക്കപ്പുറമുള്ള വിധി എന്താണെന്ന് കാത്തിരിക്കുകയാണ് രാജ്യം. ‘സംസ്ഥാന പദവി’ എന്ന മുദ്രാവാക്യവുമായി പ്രചാരണത്തിനിറങ്ങിയ പാർട്ടികളുടെ, തിരിഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമുള്ള ചൂതുകളിയിൽ, നാളുകൾക്കു ശേഷം ഒരു ജനാധിപത്യ സർക്കാർ എന്ന ആഗ്രഹമെങ്കിലും സഫലമാകുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

2019ലെ പുനഃസംഘടനാ നിയമവും 2023 ജൂലൈയിൽ കൊണ്ടുവന്ന ഭേദഗതിയും പ്രകാരം അഞ്ച് അംഗങ്ങളെ ലഫ്.ഗവർണർക്ക് നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാം. ഒരു സ്ത്രീ ഉൾപ്പെടെ 2 കശ്മീരി പണ്ഡിറ്റുകൾ, പാക്ക് അധിനിവേശ കശ്മീരിൽനിന്നു പലായനം ചെയ്തവരിൽനിന്ന് ഒരാൾ എന്നിങ്ങനെ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതോടെ സഭയുടെ അംഗബലം 95 ആകും. അങ്ങനെവരുമ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 48 ആകും. ബിജെപി സഖ്യത്തിന് 43 എംഎൽഎമാരെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചാൽ ഈ എണ്ണം തികയ്ക്കാം. മറ്റു കക്ഷികൾക്ക് ഈ സ്ഥാനത്ത് 48 തന്നെ വേണം. എങ്ങനെയും ഭരണം പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് വൻ പ്രതിഷേധത്തിനും തിരികൊളുത്തപ്പെട്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പു ഫലം വന്നാലും ജമ്മു കശ്മീർ കലുഷിതമായി തുടരുമെന്ന് ഏതാണ്ട് വ്യക്തമായെന്നു ചുരുക്കം.

∙ ഹരിയാന

കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഹരിയാനയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം ഏറെ നിർണായകമാണ്. ഹാട്രിക് പ്രതീക്ഷിച്ച് ബിജെപിയും ഹിമാചൽ പ്രദേശിനു ശേഷം ഉത്തരേന്ത്യയിൽ മറ്റൊരു സംസ്ഥാനത്ത് അധികാരത്തിലെത്തുക എന്ന ആഗ്രഹം ഹരിയാനയിലൂടെ സഫലീകരിക്കാൻ കോൺഗ്രസും കച്ചകെട്ടിയിറങ്ങിയിരുന്നു സംസ്ഥാനത്ത്.

എൻഡിഎ, ഇന്ത്യാസഖ്യം എന്നീ മുന്നണികളുടെ ഭാഗമായാണ് ഇരുപാർട്ടികളും മത്സരിക്കുന്നതെങ്കിലും എൻഡിഎ സഖ്യത്തിൽ 89 സീറ്റുകളിലും ബിജെപിയാണ് മത്സരിച്ചത്, ഒരു സീറ്റിൽ മാത്രമാണ് ലോക്ഹിത് പാർട്ടി മത്സരിച്ചത്. ഇന്ത്യാസഖ്യത്തിൽ കോൺഗ്രസ് 89 സീറ്റുകളിലും ജനവിധി തേടിയപ്പോൾ ഒരു സീറ്റിലാണ് സഖ്യത്തിന്റെ ഭാഗമായ സിപിഎം മത്സരിച്ചത്. ഇതിനു പുറമേ ജെജെപി (ജനനായക് ജനതാ പാർട്ടി)– എഎസ്പി (ആസാദ് സമാജ് പാർട്ടി) സഖ്യവും ഐഎൻഎൽഡി– ബിഎസ്പി സഖ്യവുമുണ്ട്.

2019ലെ തിരഞ്ഞെടുപ്പിൽനിന്ന് 2024ലേക്ക് വരുമ്പോൾ മുന്നണി സമവാക്യങ്ങൾ ആകെ മാറിമറിയുകയും പുത്തൻ മുന്നണികൾ ഗോദയിലിറങ്ങുകയും ചെയ്തിരിക്കുന്നു. പക്ഷേ, അവയ്ക്ക് വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.  2014ലെ നരേന്ദ്ര മോദി തരംഗത്തിൽ 47 സീറ്റുകളുമായാണ് ബിജെപി ഹരിയാനയിൽ അധികാരത്തിൽ വന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 സീറ്റുകളാണ്. 2019ൽ ബിജെപിക്ക് 40 സീറ്റുകളായി കുറഞ്ഞു. എങ്കിലും ജെജെപിയേയും (10) ഏഴ് സ്വതന്ത്രരെയും കൂട്ടുപിടിച്ച് ബിജെപി സഖ്യം അധികാരം പിടിച്ചു. അന്ന് ഇന്ത്യൻ നാഷനൽ ലോക്ദൾ 19 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 15ൽ ഒതുങ്ങി.

കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ ഇന്ത്യാസഖ്യം ഹരിയാനയിൽ അധികാരത്തിലെത്തുമെന്ന് പറയുന്നു. 44 മുതൽ 64 സീറ്റു വരെ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. 18 മുതൽ 37 സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്നും പറയുന്നു. കർഷക സമരം, ഗുസ്തി താരങ്ങളുടെ സമരം, സീറ്റ് നിഷേധിച്ചതിനു പിന്നാലെ സ്വതന്ത്രരായി മത്സരത്തിനിറങ്ങിയ വിമത സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജെജെപി സഖ്യം വിട്ടത്, ജാട്ട് സമുദായത്തിന് ഏറെ പ്രാതിനിധ്യമുള്ള ഹരിയാനയിൽ ജാട്ടു കക്ഷികളിൽ ഒന്നിന്റെയും പിന്തുണയില്ലാതെ മത്സരത്തിന് ഇറങ്ങിയത് എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങളും ഇതു ശരിവയ്ക്കുന്നു. പരമ്പരാഗത ജാട്ട് പാർട്ടികളായ ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജെജെപിയും ഐഎൻഎൽഡിയും പ്രധാന മുന്നണികളുമായി സഖ്യത്തിലുമില്ല.

പഴയ ജാട്ട് ഫോർമുല വീണ്ടും രംഗത്തിറക്കിയാണ് പക്ഷേ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2000ൽ 47 സീറ്റുമായി അധികാരത്തിലേറിയ ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക് ദളിനെ 2005ൽ 67 സീറ്റുകൾ നേടിയാണ് കോൺഗ്രസ് മറിച്ചിട്ടത്. ജാട്ട് നേതാവായ ഭൂപീന്ദർ ഹൂഡയെ മുന്നിൽ നിർത്തിയായിരുന്നു കോൺഗ്രസ് ഹരിയാന തിരിച്ചുപിടിച്ചത്. ഇത്തവണയും ഭൂപീന്ദർ ഹൂഡയാണ് കോൺഗ്രസിന്റെ ജാട്ട് മുഖം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ നേടിയ ആത്മവിശ്വാസം ഉണ്ടെങ്കിലും ഗ്രൂപ്പ് പോരാട്ടങ്ങളും പാർട്ടിയിലെ വിയോജിപ്പുകളും കോൺഗ്രസിന് തലവേദനയായേക്കും. ഫലം വന്നതിനു ശേഷം അധികാരത്തെ ചൊല്ലിയുള്ള തർക്കം എന്നും കോൺഗ്രസിന് തലവേദനയാകുന്നത് ഹരിയാനയിലും ആവർത്തിക്കുമോ എന്നതും കാത്തിരുന്നു കാണണം.

English Summary:

Before the Verdict: Unpacking the Haryana & J&K Election Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com