രസതന്ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്കാരം പ്രോട്ടീൻ സംബന്ധിച്ച ഗവേഷണത്തിന്
Mail This Article
സ്റ്റോക്കോം∙ രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്നുപേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സാബിസ്, ജോൺ എം. ജംബർ എന്നിവരാണ് പുരസ്കാരം പങ്കിട്ടിരിക്കുന്നത്. പ്രോട്ടീന്റെ ഘടനയും മറ്റുമടങ്ങുന്ന ഗവേഷണങ്ങൾക്കാണു പുരസ്കാരം. കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ബേക്കറിന് പുരസ്കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഹസ്സാബിസിനും ജംബർക്കും പുരസ്കാരം.
സിയാറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിൽ പ്രവർത്തിക്കുകയാണ് ബേക്കർ, ഹസ്സാബിസും ജംബറും ലണ്ടനിലെ ഗൂഗിൾ ഡീപ്‌മൈൻഡിൽ ജോലി ചെയ്യുന്നു. 2003ലാണ് ബേക്കർ പുതിയ പ്രോട്ടീൻ ഡിസൈൻ ചെയ്തത്. അദ്ദേഹത്തിനു കീഴിലുള്ള ഗവേഷക സംഘം സാങ്കൽപ്പിക പ്രോട്ടീൻ ഒന്നിനു പിന്നാലെ ഒന്നായി സൃഷ്ടിച്ചു. മരുന്നുകളിലും വാക്സീനുകളിലും നാനോമെറ്റീരിയലുകളിലും ചെറിയ സെൻസറുകളിലും ഉപയോഗിക്കാവുന്നവയാണിത്.
ഗവേഷകർ കണ്ടെത്തിയ 200 മില്യൻ പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ നിർമിതബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ഒരു മോഡൽ രൂപപ്പെടുത്തിയതാണ് ഹസ്സാബിസിനെയും ജംബറിനെയും പുരസ്കാരത്തിന് അർഹരാക്കിയത്.
നാളെയാണ് സാഹിത്യത്തിനുള്ള നൊബേൽ പ്രഖ്യാപിക്കുന്നത്. സമാധാന നൊബേൽ വെള്ളിയാഴ്ചയും. തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. ഒരു മില്യൻ യുഎസ് ഡോളറാണ് പുരസ്കാരത്തുക. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10ന് സ്വീഡനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.