ADVERTISEMENT

മുംബൈ ∙ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പിന്നിൽനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഹരിയാനയിൽ നേടിയ മിന്നുംവിജയം, വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വാസം പകരും. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, അഗ്നിവീർ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങൾ ആളിക്കത്തിയ ഹരിയാനയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ബിജെപി തുടർച്ചയായ മൂന്നാം തവണ ഭരണമുറപ്പിച്ചത്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയെയും ഒപ്പംകൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്ന ബിജെപിയുടെ പ്രതീക്ഷകൾക്കു കരുത്തു പകരുന്നതാണ് ഹരിയാനയിലെ വിജയം.

എന്നാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ഹരിയാനയിൽനിന്നു വ്യത്യസ്തമാണെന്ന് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) വ്യക്തമാക്കുന്നു. ഹരിയാനയിൽ കോൺഗ്രസ് – ബിജെപി നേർക്കുനേർ പോരാട്ടമായിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യവും മഹായുതി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഹരിയാനയിലെ വോട്ടിങ് രീതി മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യാനാവില്ലെന്നും അവർ വിലയിരുത്തുന്നു.

ഹരിയാന ഫലത്തിനു സമാനമായി മഹാരാഷ്ട്രയിൽ മഹായുതി സഖ്യവും വിജയിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തലയും തള്ളിക്കളയുന്നു. ഹരിയാനയിലെ വിധി മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹരിയാന തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിന്റെ ആത്മവീര്യം കെടുത്തിയിട്ടില്ല. മഹാ വികാസ് അഘാഡി സഖ്യം ഒറ്റക്കെട്ടായി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹരിയാനയിലെ ഹാട്രിക് വിജയം മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചർച്ചകളിൽ, മുന്നണിക്കുള്ളിൽ ബിജെപിയുടെ വിലപേശൽ ശക്തി വർധിപ്പിക്കും. മഹായുതി സഖ്യത്തിന്റെ ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകളിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ബിജെപി പഴി കേട്ടിരുന്നു. എന്നാൽ ഹരിയാനയിലെ പ്രകടനം, പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു ബിജെപി തിരിച്ചുവരവ് നടത്തിയെന്ന സന്ദേശം നൽകും. ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ മുന്നണി വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേരാൻ തയാറായി നിൽക്കുന്ന നേതാക്കളും പുനർവിചിന്തനം ചെയ്തേക്കും.

മറുവശത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസിന്, മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകളിൽ മേൽക്കൈ നഷ്ടപ്പെടാനിടയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം ആത്മവിശ്വാസം വർധിച്ച കോൺഗ്രസ് അവർക്ക് സാന്നിധ്യം കുറവുള്ള കൊങ്കൺ പോലുള്ള മേഖലകളിൽ പോലും സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചകൾക്ക് തയാറാകാനാണ് സാധ്യത. ശരദ് പവാറിന്റെ എൻസിപിയും ശിവസേനാ ഉദ്ധവ് വിഭാഗവും കൂടുതൽ സീറ്റുകൾക്കായി ആവശ്യമുന്നയിച്ചാൽ കോൺഗ്രസിന് മൃദുസമീപനം സ്വീകരിക്കേണ്ടിവരും. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീയതി ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

English Summary:

Haryana's BJP Win Boosts Confidence in Maharashtra, Deals a Blow to Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com