നസ്റല്ലയുടെ പിൻഗാമികളെയും ഇല്ലാതാക്കിയെന്ന് നെതന്യാഹു; ഇസ്രയേലിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം
Mail This Article
ജറുസലം∙ ഹസൻ നസ്റല്ലയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ പേരുകൾ നെതന്യാഹു പറഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു വിവരങ്ങളില്ല. നസ്റല്ലയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ ലബനന് ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഹിസ്ബുല്ലയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ലബനന്റെ തെക്കൻ തീരപ്രദേശത്ത് ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ‘‘ഇറാനും ഹിസ്ബുല്ലയും ചേർന്നാണ് ലബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുല്ല പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാൻ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.’’ – നെതന്യാഹു പറഞ്ഞു.
അതിനിടെ ഇസ്രയേൽ തുറമുഖ നഗരമായി ഹൈഫയിലേക്ക് ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തി. അരമണിക്കൂറിനിടെ നൂറിലേറെ മിസൈലുകളാണ് ഹൈഫയിൽ വന്ന് പതിച്ചത്. പല മിസൈലുകളും ഇസ്രയേലിന്റെ അയേൺ ഡോം സംവിധാനത്തെ മറികടന്നതോടെ വലിയ നാശനഷ്ടമാണ് ഹൈഫയിൽ ഉണ്ടായിരിക്കുന്നത്. ഹിസ്ബുല്ല അടുത്തിടെ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് ഹൈഫയിലേതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിന് പിന്നാലെ അഭിസംബോധന ചെയ്ത ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നാസിം ഖസീം, തെക്കൻ ലബനനിൽ വെടിനിർത്തൽ ഉടൻ വേണമെന്നും ആവശ്യപ്പെട്ടു.