‘തേരിൽ എഴുന്നള്ളിച്ച് ‘ആക്ഷന്‍ ഹീറോ’ പോലെ സുരേഷ് ഗോപിയെ എത്തിച്ചു; പൂരത്തെ സർക്കാർ ലാഘവത്തോടെ കണ്ടു’
Mail This Article
തിരുവനന്തപുരം∙ പൂരം കലക്കലുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. പൊലീസ് സഹായിക്കാതെ ആംബുലന്‍സില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പൂര സ്ഥലത്ത് എത്താന്‍ കഴിയുമോ എന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പൂരം പോലെ ഒരു മഹാകാര്യത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടു. ഒരു മുന്‍പരിചയവും ഇല്ലാത്ത കമ്മിഷണര്‍ ആയിരുന്നു തൃശൂരിലുണ്ടായിരുന്നത്. പൂരം കലക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു വഴിവെട്ടിയതിനു മുന്നില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറാണെന്നു ഭരണപക്ഷ എംഎല്‍എ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ.രാജനും ആര്‍.ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. അതേസമയം തേരില്‍ എഴുന്നള്ളിച്ചു കൊണ്ടുവരുന്നതു പോലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അവിടെ എത്തിക്കുകയാണ് ഉണ്ടായത്. ഒരു ആക്ഷന്‍ ഹീറോ ആയി കാണിച്ച്, രക്ഷകനാണ് സുരേഷ് ഗോപിയെന്നു വരുത്താനുള്ള ശ്രമമാണ് നടത്തിയത്.പൂരത്തെ രക്ഷിക്കാന്‍ വന്ന ഹീറോ എന്ന നിലയില്‍ സുരേഷ് ഗോപിക്ക് സ്ഥാനം ഉണ്ടാക്കിക്കൊടുത്തത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് തിരുവഞ്ചൂർ പറഞ്ഞു.
വിവാദങ്ങൾക്കും എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ ഇന്ന് നിയമസഭയിലെത്തി. കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ സഭയിലെത്തിയത്. കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞിട്ടുണ്ട്. കെ.ടി.ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച്, പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയില്‍, ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്റെ ഇരിപ്പിടം. അൻവർ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അൻവറിന് കൈകൊടുത്തു. അതേസമയം മുഖ്യമന്ത്രി നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു.സഭയില്‍ പ്രതിപക്ഷം ഇന്ന് തൃശൂര്‍ പൂരം വിഷയം ഉന്നയിക്കും. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കും. ഈ നടപടിയില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ അവതാരകന്‍ മുഖ്യമന്ത്രിയാണ്.