ADVERTISEMENT

കോട്ടയം ∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് ഒരുക്കുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായുളള അക്ഷരപ്രയാണത്തിനു മലയാള മനോരമ അങ്കണത്തിൽ പ്രൗഢോജ്വല തുടക്കം. മലയാളത്തിന്റെ ആദ്യാക്ഷരം ‘അ’യുടെ മാതൃക, മനോരമയുടെ ആദ്യ പ്രസിനു മുന്നിൽവച്ച് എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവനിൽനിന്ന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഏറ്റുവാങ്ങി.

തുടർന്ന് അക്ഷരദീപം തെളിച്ച ഇരുവരും ചേർന്ന് അക്ഷരപ്രയാണത്തിനുള്ള അലംകൃത വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം സിഎംഎസ് കോളജ്, മാന്നാനം കെഇ കോളജ്, ഏറ്റുമാനൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇന്നലെ അക്ഷരപ്രയാണത്തിനു വരവേൽപ് നൽകി. ഇന്നു തിരുവനന്തപുരം ജില്ലയിലാണു പര്യടനം.

ഹോർത്തൂസ് അക്ഷരപ്രയാണത്തിലേക്കുള്ള ആദ്യത്തെ അക്ഷരം എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവൻ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന് കൈമാറുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)
ഹോർത്തൂസ് അക്ഷരപ്രയാണത്തിലേക്കുള്ള ആദ്യത്തെ അക്ഷരം എഴുത്തുകാരനും ഹോർത്തൂസ് ഡയറക്ടറുമായ എൻ.എസ്.മാധവൻ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവിന് കൈമാറുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

1891ൽ തുടക്കമിട്ട ഭാഷാപോഷിണിസഭയാണ് മലയാള സാഹിത്യത്തിലെ ആദ്യത്തെ കൂട്ടായ്മ. പിന്നീടാണ് പല സാഹിത്യസംഘടനകളും സമസ്ത കേരള സാഹിത്യ പരിഷത്തും ഉണ്ടായത്. ആദ്യത്തെ മലയാള സാഹിത്യ അവാർഡ് ഭാഷാപോഷിണി സമിതിയാണു നൽകിയത്. ഹോർത്തൂസ് ഇൗ സ്ഥാപനത്തിൽനിന്നുള്ള സ്വാഭാവികമായ പ്രയാണമാണ്.

എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സാഹിത്യ - സാംസ്കാരിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ അക്ഷരപ്രയാണം കടന്നുചെല്ലും. ഇവിടങ്ങളിൽനിന്നെല്ലാം സ്വീകരിക്കുന്ന 56 മലയാള അക്ഷരങ്ങൾ കോഴിക്കോട്ട് ഹോർത്തൂസിന്റെ പ്രധാന വേദിയിൽ സ്ഥാപിക്കും.

ഹോർത്തൂസ് അക്ഷരപ്രയാണം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്യുന്നു. എഴുത്തുകാരൻ എൻ.എസ്. മാധവൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മനോരമ ഇയർബുക്ക് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു എന്നിവർ സമീപം. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

ഹോർത്തൂസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 31നു വൈകിട്ട് നാലിനു കോഴിക്കോട്ട് നിർവഹിക്കും. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള മുന്നൂറിലധികം എഴുത്തുകാർ 130 സെഷനുകളിൽ പങ്കെടുക്കും. 44 കലാപ്രവർത്തകർ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ മൈത്രാ ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കുന്ന ആർട് പവിലിയന്റെ ഉദ്ഘാടനം 20നു വൈകിട്ട് ആറിന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.

ഹോർത്തൂസ് അക്ഷരപ്രയാണം ഫ്ലാഗ് ഓഫ് ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും എഴുത്തുകാരൻ എൻ.എസ്. മാധവനും ചേർന്ന് തിരി തെളിയിക്കുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)
ഹോർത്തൂസ് അക്ഷരപ്രയാണം ഫ്ലാഗ് ഓഫ് ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും എഴുത്തുകാരൻ എൻ.എസ്. മാധവനും ചേർന്ന് തിരി തെളിയിക്കുന്നു. (ചിത്രം: റിജോ ജോസഫ് ∙ മനോരമ)

മൂന്നുലക്ഷത്തിലേറെ പുസ്തകങ്ങളുമായി മെഗാ പുസ്തകമേള 26നു വൈകിട്ട് ആറിന് എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. 26 മുതലുള്ള ദിവസങ്ങളിൽ വൈകിട്ട് ചർച്ചകളും സാംസ്കാരിക പരിപാടികളും നടക്കും. ഒന്നു മുതലുള്ള ഹോർത്തൂസ് ദിനങ്ങളിൽ സാഹിത്യ സംവാദങ്ങൾ, കുട്ടികൾക്കുള്ള വിനോദവിജ്ഞാന പരിപാടികൾ, കൊറിയൻ പാചകവിദഗ്ധൻ നയിക്കുന്ന കുക്ക് സ്റ്റുഡിയോ, സ്റ്റാൻഡപ് കോമഡി, സംഗീതനിശകൾ എന്നിവ അരങ്ങേറും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി, ജോയ്ആലുക്കാസ് എന്നിവയാണു പ്രായോജകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com