ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്യാത്തതിൽ രൂക്ഷ വിമർശനം തുടർന്ന് ഹൈക്കോടതി. കൊച്ചിയിൽ ഇത്തരം നൂറുകണക്കിന് ബോർഡുകൾ നിറഞ്ഞിരിക്കുമ്പോഴാണ് 50 എണ്ണം നീക്കിയെന്ന് കോർപറേഷൻ പറയുന്നത്. തിരുവനന്തപുരത്ത് ബോർഡുകൾ നീക്കം ചെയ്തെന്നാണ് കോർപറേഷൻ പറയുന്നത്, എന്നാൽ താൻ പരിശോധനയ്ക്ക് ആളെ വയ്ക്കട്ടെ എന്നും കോടതി ചോദിച്ചു. തലസ്ഥാന നഗരിയിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിന്റെ പൂർണ പരാജയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

എന്തുകൊണ്ടാണ് അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ ശക്തമായ നടപടിയെടുക്കാത്തതെന്ന് കൊച്ചിയിലേയും തിരുവനന്തപുരത്തേയും കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി ആരാഞ്ഞു. ഇത്തരത്തിലുള്ള നിയമരാഹിത്യമാണു കേരളത്തെ നയിക്കുന്നത്. എന്നിട്ടും നവകേരളമാണെന്ന് പറയുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള അനധികൃത ബോർഡുകൾ സംബന്ധിച്ച് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ കോടതി ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നതെന്നു വ്യക്തമാണെന്നും ഇത് സ്വീകാര്യമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരോ രാഷ്ട്രീയ പാർട്ടികളോ ആണ് ഭൂരിഭാഗം ബോർഡുകളും കൊടികളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തെ മോചിപ്പിച്ച് പരമാവധി തുക ലഭ്യമാക്കാനാണു കോടതി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കും. ഇവരിൽനിന്നു നഷ്ടം ഈടാക്കുമെന്നും കോടതി പറഞ്ഞു. 

തുടർന്ന് കോടതിയുടെ നിർദേശാനുസരണം നിലവിലെ സ്ഥിതി പരിശോധിക്കാനും റിപ്പോർട്ടും നൽകാനുമുള്ള കാര്യത്തിൽ വിശദീകരണം നൽകാൻ കോർപറേഷൻ സമയം തേടി. കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിലെ 9000 അനധികൃത ബോർഡുകൾ നീക്കം ചെയ്തെന്നു കോർപറേഷൻ അറിയിച്ചു. എന്നാൽ എത്രരൂപ പിഴ ഈടാക്കിയെന്നു കോടതിയെ അറിയിക്കാനായില്ല. നൂറുക്കണക്കിനു ബോർഡുകളുണ്ടായിരുന്നു. എന്നിട്ടാണ് 50 എണ്ണം മാറ്റിയെന്നു പറയുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ലക്ഷക്കണക്കിനു രൂപ വേണ്ടാത്തതു കൊണ്ടാണോ അതോ ആരെയെങ്കിലും പേടിക്കുന്നതു കൊണ്ടാണോ ഇത് ചെയ്യുന്നതെന്ന് ഒരു രാഷ്ട്രീയ പാർട്ടി നേതാവ് സ്കൂട്ടറുകൾ സമ്മാനിക്കുന്നതു സംബന്ധിച്ച് നഗരം മുഴുവൻ ബോർഡുകൾ നിറഞ്ഞിരിക്കുന്നത് ചൂണ്ടിക്കാട്ടി കോടതി ആരാഞ്ഞു.

English Summary:

Kerala HC Slams Inaction on Illegal Hoardings, Threatens Contempt Proceedings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com