ADVERTISEMENT

കൊച്ചി∙ 1950 മുതൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ് കൈവശം വച്ചിരിക്കുന്ന പാട്ടഭൂമി നിയമങ്ങളനുസരിച്ച് ഏറ്റെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി. പാട്ടഭൂമിയുടെ വാടക ഇനത്തിൽ 31.27 കോടി രൂപ കുടിശിക വരുത്തിയത് ക്ലബിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ജസ്റ്റിസുമാരായ അമിത് റാവൽ, എസ്.ഈശ്വരൻ എന്നിവരുടെ ബെ‍ഞ്ച് വ്യക്തമാക്കി. കുടിശിക അടച്ചു തീർക്കാത്ത സാഹചര്യത്തിൽ ക്ലബ്ബിന്റെ ബാർ ലൈസൻസ് പുതുക്കി നൽകാത്ത സർക്കാർ നടപടിക്കെതിരെ ക്ലബ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു കോടി രൂപ അടച്ച് ലൈസൻസ് പുതുക്കി നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മറ്റൊരു ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഹർജിയും തീർപ്പാക്കിക്കൊണ്ടാണ് ബുധനാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

1937ൽ സ്ഥാപിതമായ ക്ലബിന് 1950ലാണ് 25 വർഷത്തേക്ക് നാല് ഏക്കർ 27 സെന്റ് ഭൂമി പാട്ടത്തിന് നൽകുന്നത്. രാജ്യത്തെ തന്നെ മികച്ച ടെന്നീസ് ക്ലബുകളിലൊന്നായി ഇതു വളരുകയും ചെയ്തു. 1975ൽ പാട്ടക്കരാർ 50 വർഷത്തേക്ക് കൂടി നീട്ടിയത് അനുസരിച്ച് 2025 ഓഗസ്റ്റിൽ പാട്ടക്കാലാവധി തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. 1995ൽ‍ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ഭേദഗതി നിയമം അനുസരിച്ച് ഭൂമിയുമായി ബന്ധപ്പെട്ട വാടക പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചിരുന്നു. അതോടൊപ്പം കുടിശിക ഉണ്ടാകുന്ന സാഹചര്യത്തിൽ ഭൂമി ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഇതിലുണ്ടായിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള വാടക അടയ്ക്കാൻ ക്ലബ് തയാറായില്ല. തുടർന്ന് സര്‍ക്കാരും ക്ലബ് അധികൃതരുമായുള്ള നിയമയുദ്ധവും ആരംഭിച്ചെങ്കിലും ക്ലബിന്റെ പ്രവർത്തനം തുടർന്നു. 

ഇതിനിടെ, 2014 മുതൽ 2016 വരെ 11 കോടിയിലധികം രൂപ കുടിശികയുള്ളത് ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി. തുടർന്ന് റവന്യൂ വകുപ്പിന്റെ നിർദേശ പ്രകാരം കുടിശികയുടെ 0.2 ശതമാനമായ രണ്ടു ലക്ഷത്തിലധികം രൂപ അടച്ചുകൊണ്ടുള്ള താൽക്കാലിക പരിഹാരത്തിന് നിർദേശമായി. ഇതു ക്ലബ് അടയ്ക്കുകയും ചെയ്തു. ഈ തുകയുടെ ബലത്തിൽ 2020 വരെ ക്ലബിന്റെ ബാർ ലൈസൻസ് പുതുക്കി നല്‍കുകയും ചെയ്തിരുന്നു. തുടർന്ന് 2016 മുതലുള്ള 31, 27, 08,754 രൂപയുടെ പാട്ടക്കുടിശികയുണ്ടെന്നും ഇതു തീർക്കാത്ത പക്ഷം ബാർ ലൈസൻസ് പുതുക്കി നൽകില്ലെന്നും ജില്ലാ കലക്ടർ 2022 ജൂണിൽ ക്ലബിന് നോട്ടിസ് നൽകി. എന്നാൽ തങ്ങളുടേത് വാടക നൽകേണ്ട ഭൂമിയല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലബ് ഈ തുക അടയ്ക്കാൻ വിസമ്മതിച്ചു. എന്നാൽ 1995ലെ നിയമം അനുസരിച്ച് ക്ലബ് തുക അടയ്ക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. 

English Summary:

kerala high court said governement can acquire leased land held by Trivandrum Tennis Club as per rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com