ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരുക്ക്
Mail This Article
ജറുസലം ∙ ഇസ്രയേൽ സൈനിക നടപടി തുടരുന്ന ലബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബെയ്റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു സമാധാന സേനാംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിഫിൽ അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ സംഘം ഓപ്പറേഷൻ നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ അൻപതിലധികം പേർക്ക് പരുക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് റുഫൈദ സ്കൂൾ. ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിവരം.
അൽ-അഖ്‌സ ആശുപത്രി പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ സാഹചര്യം നേരിടാൻ ബുദ്ധിമുട്ടുകയാണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരാമായ പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.